യു.ആർ.മനു
മാവേലിക്കര: കോവിഡ് മഹാമാരി ലോകത്ത് സംഹാര താണ്ഡവമാടുന്പോൾ ഒരു പ്രവാസി കുടുംബം നേരിടേണ്ടി വരുന്ന കഷ്ടതകളുടെ നേർചിത്രം അവതരിപ്പിക്കുകയാണ് സ്നേഹപൂർവ്വം പ്രവാസികൾക്കായി എന്ന ഹ്രസ്വചിത്രം.
വീഡിയോ ഗ്രാഫറും മുൻ പ്രവാസിയുമായ ഏവൂർ സ്വദേശി അജിത് കാടശേരിയും മകളും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അനഘയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അസിനും അജിത്തിന്റെ സുഹൃത്തും അടൂർ മുൻ നഗരസഭാ ചെയർ മാനുമായ ബാബുദിവാകരനും ചേർന്നാണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
കൊറോണക്കാലത്ത് തങ്ങളുടെ വീട്ടിൽ കിട്ടിയ ഭക്ഷ്യ ധാന്യ കിറ്റ് ഭക്ഷ്യ ധാന്യം ലഭിക്കാത്ത പ്രവാസി കുടുംബത്തിൽ പെട്ട തന്റെ സഹപാഠിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മകളെയും അതിന്റെ വിവരങ്ങൾ ആരായുന്ന അച്ഛനുമാണ് ഹ്രസ്വ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
പ്രവാസികളായതിനാൽ സുമനുസുകളുടെ സഹായ ഹസ്തങ്ങൾ പോലും തങ്ങളിലേക്ക് എത്തുന്നില്ലെന്ന പച്ചയായ യാഥാർഥ്യത്തെയാണ് ഇവർ ഹ്രസ്വ ചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
ഹൃദയസ്പർശിയായ ഈ ഹ്രസ്വചിത്രം അജിത്തിന്റെ യൂട്യൂബ് ചാനലായ മീഡിയ ഗ്രാഫിക്സിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ ചിത്രം വൈറലായതായും അജിത്ത് സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിൽ അച്ഛനായി അജിത്തും മകളായി അനഘയുമാണ് അഭിനയിച്ചിരിക്കുന്നത് .
കാമറ ചലിപ്പിച്ചത് മകൻ അസിനും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബാബുദിവാകരനുമാണ്. അജിത്തിന്റെ ഭാര്യ സിന്ധു ഗൾഫിൽ നഴ്സായി ജോലി നോക്കുന്നു.