ആലപ്പുഴ: ആലപ്പുഴയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യം പിടിച്ചെടുത്തത് കേസാക്കിയില്ലെന്ന ആരോപണത്തിൽ എസ്ഐ അടക്കം നാല് പേർക്ക് സസ്പെൻഷൻ. ആലപ്പുഴ സൗത്ത് എസ്ഐ കെ.ജി. രതീഷ്, പ്രൊബേഷൻ എസ്ഐ സുനേക്, സിപിഒമാരായ ബിനുമോൻ, അബീഷ് ഇബ്രാഹിം എന്നിവരെയാണ് എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻഡ് ചെയ്തത്.
മെയ് ഒന്നിനാണ് സൗത്ത് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലപ്പുഴ നഗരമധ്യത്തിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇവിടെ മിനി ബാർ പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇത്.
എന്നാൽ ഷോകേയ്സിൽ സൂക്ഷിച്ചിരുന്ന അളവിൽ കവിഞ്ഞ 40 കുപ്പി വിദേശമദ്യം പോലീസ് കസ്റ്റഡിലെടുത്തതായും ഇത് സ്റ്റേഷനിലെത്തിക്കാതെ മുക്കിയതായും ആരോപണം ഉയർന്നു.
സംഭവം വിവാദമായതോടെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്യുകയും ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫ് ആലപ്പുഴ ഡിവൈഎസ്പി ജയരാജിനെ അന്വേഷണത്തിന് നിയോഗിക്കുകയുമായിരുന്നു.