തിരുവനന്തപുരം: ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാർ (50) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരായതോടെയാണ് ലില ടീച്ചർ മറ്റുള്ളവർക്കു ജീവനേകിയത്.
ഹൃദയം, രണ്ടു വൃക്കകൾ, രണ്ടു കണ്ണുകൾ എന്നിവയാണ് മറ്റുള്ളവർക്കായി നൽകിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ ഗവ. കണ്ണാശുപത്രിക്കുമാണ് നൽകിയത്.
ലോക് ഡൗണ്‍ കാലത്തെ അഞ്ചാമത്തെ അവയവദാനമാണ് ഇത്. മസ്തിഷ്ക മരണത്തെ തുടർന്ന് വടശേരിക്കോണം സ്വദേശി ശ്രീകുമാർ (54), തൃശൂർ സ്വദേശി സി.കെ. മജീദ് (56), കൊട്ടാരക്കര സ്വദേശി ശിവപ്രസാദ് (59), കൊല്ലം സ്വദേശി അരുണ്‍ വർഗീസ് (32) എന്നിവരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ഈ അഞ്ച് അവയവദാന പ്രകൃയയിലൂടെ 25 പേർക്കാണ് പുതുജീവിതം നൽകിയത്.
കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്ററിന്റെ ആദ്യയാത്ര കൂടിയായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പോലീസ്, ട്രാഫിക് തുടങ്ങി പല സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്.
പൗണ്ട്കടവ് ഗവ. എച്ച്ഡബ്ല്യു എൽപിഎസ് സ്കൂളിലെ അധ്യാപികയാണ് ലാലി ഗോപകുമാർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ലാലിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്.
മേയ് എട്ടാം തീയതി രണ്ട് അപ്നിയ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങൾ മുന്നോട്ട് വരികയായിരുന്നു.
ലാലി ഗോപകുമാറിന്റെ ഭർത്താവ് ഗോപകുമാർ ബിസിനസ് നടത്തുന്നു. മൂന്ന് മക്കൾ. ഗോപിക ഗോപകുമാർ ഗൾഫിൽ നഴ്സാണ്. ദേവിക ഗോപകുമാർ ബിഎച്ച്എംഎസ്. വിദ്യാർഥി. ഗോപീഷ് ബിടെക് വിദ്യാർഥി. മരുമകൻ ശരത് ബാബു.