സ്വന്തം ലേഖകൻ
തൃശൂർ: ചിത്രകാരിയായ പി.ജി. ഉഷടീച്ചർ തൃശൂർ റൗണ്ടിൽനിന്നുള്ള വഴികൾ വരയ്ക്കുന്ന തിരക്കിലാണ്. വാട്ടർകളർ ഉപയോഗിച്ചു വരച്ചിട്ടുള്ള ചിത്രങ്ങൾ കണ്ടാൽ വഴിയുടെ ഫോട്ടോ എടുത്തതാണോ എന്നു തോന്നിപ്പോകും.
അത്രയും മികവോടെയും സൂക്ഷ്മതയോടെയുമാണ് ഉഷടീച്ചർ തന്റെ കലാസൃഷ്ടിക്കു പൂർണത നൽകിയിരിക്കുന്നത്.
കുറച്ചുകാലമായി തൃശൂരിലെ വഴികളെക്കുറിച്ചുള്ള ചിത്രപരന്പര ചെയ്യാൻ വേണ്ടിയുള്ള അണിയറപ്രവർത്തനങ്ങളിലായിരുന്നു ടീച്ചറമ്മ. ലോക്ക്ഡൗണ് ആയതോടെ വഴിവരകൾ തുടങ്ങി.
ഇതിനകം മൂന്നു വഴികളുടെ വര പൂർത്തിയായി. നാലാംവഴി വരച്ചു തുടങ്ങി. വടക്കേ സ്റ്റാൻഡിലേക്കുള്ള വഴി, സെന്റ് തോമസ് കോളജ് റോഡ്, ഷൊർണൂർ റോഡ് എന്നിവയാണ് ഉഷടീച്ചർ പൂർത്തിയാക്കിയ വരവഴികൾ.
പത്തിലധികം വഴികൾ തന്റെ ചിത്രപരന്പരയിലുണ്ടെന്ന് ഉഷടീച്ചർ പറഞ്ഞു. വാട്ടർകളറിലാണ് ചിത്രങ്ങളെങ്കിലും കാൻവാസിലെ വൈറ്റ് സ്പേസുകളാണ് തന്റെ ചിത്രങ്ങളുടെ ഹൈലൈറ്റുകളെന്നു ടീച്ചർ പറയുന്നു.
വീട്ടിലെ ജോലികൾ കഴിഞ്ഞു കിട്ടുന്ന സമയങ്ങളിലാണ് ചിത്രംവര. വഴികളുടെ ഫോട്ടോകൾ എടുപ്പിച്ചിട്ടുണ്ട്. അതു നോക്കിയാണ് വരയ്ക്കുന്നത്.
ചിത്രരചനാരംഗത്തു പ്രശസ്തയായ പി.ജി.ഉഷ കഴിഞ്ഞവർഷം ഗായകരേയും ഗാനരചയിതാക്കളേയും സംഗീതസംവിധായകരേയും ജെൽ പെൻ ഉപയോഗിച്ച് ലൈൻ സ്കെച്ചിൽ ആവിഷ്കരിച്ചിരുന്നു. മധുരസ്മരണ എന്ന പേരിട്ടിരുന്ന ആ സംഗീതചിത്രക്കാഴ്ചകൾ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു.
തൃശൂർ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 1982ൽ ചിത്രകലയിൽ ഡിപ്ലോമ നേടിയ പി.ജി.ഉഷ ടീച്ചർ 83ൽ കന്നാറ്റുപാടം ഗവ.ഹൈസ്കൂളിൽ ചിത്രകല അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ചെറുതുരുത്തി, പുത്തൂർ, മോഡൽ ബോയ്സ് തൃശൂർ, പട്ടിക്കാട് എന്നീ സർക്കാർ സ്കൂളുകളിൽ സേവനമനുഷ്ഠിച്ച് 2015ൽ വിരമിച്ചു.
നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഡോക്യുഫിക്ഷനിലുമെല്ലാം അഭിനയിച്ചിട്ടുള്ള ഉഷടീച്ചർ ഡബ്ബിംഗ് ആർട്ടിസ്റ്റുമായിട്ടുണ്ട്. മോഡൽ ബോയ്സ് അധ്യാപകരുടേയും പൂർവ വിദ്യാർത്ഥി സംഘടനയായ എംബോസാറ്റിന്റെയും കൂട്ടായ്മയിൽ മോഡൽ ബോയ്സിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി മധുരസ്മരണ എന്ന പേരിൽ ഓർക്കസ്ട്രയോടെ പഴയ പാട്ടുകളുടെ ഗാനമേള 2012 മുതൽ തുടർച്ചയായി നടത്താറുണ്ട്.
തൃശൂർ നഗരത്തിൽനിന്നും പലതായി പിരിയുന്ന വഴികൾ ജലച്ചായത്തിൽ അവതരിപ്പിക്കുന്പോൾ ഈ ടീച്ചറമ്മ വിസ്മയപ്പിക്കുകയാണ്…