കടുത്തുരുത്തി: ആശങ്കയുടെ വൻകരകൾ താണ്ടി നാടണഞ്ഞ പ്രവാസികൾക്ക് അഭയമൊരുക്കി കോട്ടയം രൂപതയുടെ കീഴിലുള്ള കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്റർ. ഞായറാഴ്ച രാവിലെ എത്തിയ 16 പേർ ഉൾപ്പെടെ ജില്ലയിൽ മടങ്ങിയെത്തിയ 33 പ്രവാസികൾക്കാണ് തൂവാനീസ അഭയമൊരുക്കിയിരിക്കുന്നത്.
കുവൈത്ത്, ഒമാൻ, മസ്ക്കറ്റ് എന്നിവിടങ്ങളിൽനിന്നും കോട്ടയത്ത് എത്തിയത് 94 പ്രവാസികളായിരുന്നു. ഇതിൽ വയോധികരേയും കുട്ടികളേയും ഗർഭിണികളേയും വീടുകളിൽ നിരീക്ഷണത്തിൽ അയച്ചു. മറ്റുള്ളവരെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്.
കോട്ടയം സ്വദേശികളായ മൂന്നു പേരും, ഈരാറ്റുപേട്ട സ്വദേശികളായ ഭാര്യയും ഭർത്താവും, വടവാതൂർ സ്വദേശികളായ രണ്ട് പേർ, ഓണം തുരുത്ത് സ്വദേശി (42), ആനിക്കാട് സ്വദേശി (40), ഇത്തിത്താനം സ്വദേശി (19), കോട്ടയം ശാന്തിപുരം സ്വദേശി (32), കോട്ടയം ചെങ്ങളം സ്വദേശി (34), തിരുവഞ്ചൂർ സ്വദേശി (66), ഞീഴൂർ സ്വദേശിനി (36), ഇടക്കുന്നം സ്വദേശി (41), മുക്കൂട്ടുതറ (58) എന്നിവരാണ് ഞായറാഴ്ച പുലർച്ചെ എത്തിയത്.
ഇതരസംസ്ഥാനങ്ങളിലെ റെ ഡ്സോണിൽനിന്നുമെത്തിയ 12 പേരും ഇവിടെ കഴിയുന്നുണ്ട്. രാവിലെ അപ്പവും മുട്ടക്കറിയും ചായയും ഉച്ചയ്ക്ക് വെജിറ്റബിൾ ഊണുമാണ് പ്രവാസികൾക്കു നൽകിയത്. നിരീക്ഷണത്തിലുള്ളവർക്കു ഭക്ഷണം എത്തിക്കുന്നതു മാഞ്ഞൂർ പഞ്ചായത്താണ്.
വിദേശത്തു നിന്നുള്ളവർ എത്തിയാൽ തൂവാനീസ റിട്രീറ്റ് സെന്റർ ഇവർക്കായി വിട്ടുനൽകാമെന്നു സർക്കാരിനു മാർ മാത്യു മൂലക്കാട്ട് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ച ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ തൂവാനീസ ഡയറക്ടർ ഫാ. ജിബിൻ കുഴിവേലിക്ക് അപേക്ഷ നൽകി. ഇതോടെ റിട്രീറ്റ് സെന്റർ പ്രവാസികൾക്കായി ഫാ. ജിബിൻ കുഴിവേലിയുടെ നേതൃത്വത്തിൽ ഒരുക്കി.
തൂവാനീസയിൽ 60 മുറികളിലായി 120 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറികളാണ് റിട്രീറ്റ് സെന്ററിലുള്ളത്. പ്രവാസികളെ സ്വീകരിക്കാൻ നേരത്തെ തന്നെ കെട്ടിടവും മുറികളും പെയിന്റ് ചെയ്തു മോടി കൂട്ടിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരുക്കങ്ങൾ ഒന്നും ചെയ്യേണ്ടി വന്നില്ല.
കോട്ടയം അതിരൂപതയുടെ പ്രാർഥനാകേന്ദ്രമായ തൂവാനീസയിൽ എല്ലാ മാസവും ധ്യാനവും കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള പരിശീലനങ്ങളും വിവാഹ ഒരുക്ക ധ്യാനങ്ങളുമാണ് നടന്നിരുന്നത്. ഇവയെല്ലാം നിർത്തിയിരിക്കുകയാണ്.
സമയ പരിധി വയ്ക്കാതെയാണു കേന്ദ്രം സൗജന്യമായി വിട്ടു നൽകിയിരിക്കുന്നത്. ഇവിടെ കഴിയുന്നവർക്കായി ശനിയാഴ്ച രാത്രി ഫാ. ജിബിൽ കുഴിവേലി, ഫാ. എബിൻ കവുങ്ങുംപാറയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥന നടത്തിയിരുന്നു.