ലോകമാകെ കോവിഡ് വ്യാപനത്തിനെതിരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടിനുള്ളിൽ തന്നെ അടഞ്ഞുകിടക്കുകയാണ്. ഇതിനിടയിൽ പലർക്കും ആശ്വാസം സമൂഹമാധ്യമങ്ങളും. നമ്മൾ മാത്രമല്ല.
നമ്മുടെ പ്രിയതാരങ്ങളും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ്. പലരും ലൈവിൽ വരുകയും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയുമൊക്കെ ചെയ്യുന്നുണ്ട്.
എന്നാൽ ലൈവിൽ വരാനുള്ള ഒരുക്കത്തിനിടയിൽ, നമ്മൾ അറിയാതെ വീഡിയോ ലൈവ് ആയാലോ? ശോ… പിന്നെ പറയാനുണ്ടോ… ആകെ ചമ്മി കുളമാകും.
ഇത്തരത്തിലൊരു അബദ്ധമാണ് ബോളിവുഡിന്റെ പ്രിയതാരം കത്രീന കെയ്ഫിനു പറ്റിയിരിക്കുന്നത്. കുറച്ചു സമയം തന്റെ ആരാധകർക്കൊപ്പം ചെലവഴിക്കുന്നതിനായാണ് താരം സമൂഹമാധ്യമത്തിൽ ലൈവ് വന്നത്.
എന്നാൽ ലൈവിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനു മുൻപു തന്നെ വീഡിയോ ലൈവ് ആയി. ഇതറിയാതെ താരം ഒപ്പമുള്ളവരോടു സംസാരിച്ചുകൊണ്ടേയിരുന്നു. എന്നാൽ അല്പസമയത്തിനുള്ളിൽ
താൻ പറയുന്നതൊക്കെ ലൈവിൽ പോകുന്നു എന്നറിഞ്ഞ താരം ആകെ ചമ്മിപ്പോയി. താരത്തിന്റെ ഈ ‘ചമ്മൽ വീഡിയോ’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
അബദ്ധം പിണഞ്ഞ വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നു നീക്കം ചെയ്തെങ്കിലും മറ്റു പല പേജുകളിലൂടെയും സംഗതി വൈറലായിക്കൊണ്ടിരിക്കുകയാണ്.