മാവേലിക്കര: കേരള സർക്കാരിനും സുഹൃത്തുക്കൾക്കും നന്ദിപറഞ്ഞ് മാവേലിക്കര തഴക്കര വെട്ടിയാർ നന്ദനത്തിൽ പ്രകാശ്. ജി. പിള്ള. ഈ 47കാരന് ഇത് രണ്ടാം ജന്മമാണ്.
എട്ടു വർഷമായി ഒഡീഷ ധിൻകനാലിലെ ടാറ്റ ബിഎച്ച്എൽ പ്ലാന്റിൽ ജോലി ചെയ്തുവരുന്ന പ്രകാശിന് ഏപ്രിൽ 3 ന് ജോലിസ്ഥലത്തു വെച്ചാണ് പക്ഷാഘാതം വന്നത്.
ഇവിടെ നിന്നു സഹപ്രവർത്തകർ പ്രകാശിനെ തൊട്ടടുത്തുള്ള ആശുപത്രിയിലും തുടർന്ന് ഭുവനേശ്വറിലെ മറ്റൊരാശുപത്രിയിലും പ്രവേശിപ്പിച്ചു. നാലുദിവസത്തിനു ശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വീണ്ടും പക്ഷാഘാതമുണ്ടായി.
തുടർന്ന് ഒറീസയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അശ്വിനിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പ്രകാശിന്റെ ബന്ധുവും ഒഡീഷയിൽ മെക്കാനിക്കൽ എൻജിനീയറുമായ അടൂർ ഏഴംകുളം സ്വദേശി രാജീവാണ് തുടർന്ന് പ്രകാശിനെ സഹായിച്ചത്.
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഒരു മാസത്തോളം അശ്വനിയിൽ കഴിയുന്നതിനിടെ നാട്ടിലെ ബന്ധുക്കൾ ആർ. രാജേഷ് എംഎൽഎ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രകാശിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ നീക്കി.
തുടർന്ന് കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിൽ നിന്ന് ഒറീസ സംസ്ഥാന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് കൊറോണക്കാലത്ത് യാത്ര ബുദ്ധിമുട്ടായതിനാൽ കേരളത്തിലേക്ക് കൊണ്ടുവരും വരെ അവിടെത്തന്നെ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ നടപടി സ്വീകരിച്ചു.
പ്രകാശിന്റെ ബന്ധുവും ഒഡീഷ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായ ജി.രഘുവും ഭാര്യ ധൻകനാൽ ജില്ലാ പോലീസ് സൂപ്രണ്ട് അനുമപയും പ്രകാശിന്റെ വിവരമറിഞ്ഞ് സർക്കാർ തലത്തിൽ ഇടപെട്ട് അവിടത്തെ കാര്യങ്ങൾ സുഗമമാക്കി. രഘുവിന്റെ പിതാവ്, വെട്ടിയാർ സ്വദേശിയായ ജി. ഗോപാലകൃഷ്ണൻ, നായനാർ സർക്കാരിന്റെ കാലത്ത് നിയമസഭാ സെക്രട്ടറിയായിരുന്നു.
മകൻ വഴി വിവരങ്ങളറിഞ്ഞ ഇദ്ദേഹമാണ് തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അനിരുദ്ധൻ മുഖേന എംഎൽഎയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടപെടലിനായി അഭ്യർഥിച്ചത്. കേരളത്തിലെ കോവിഡ് വാർറൂമിൽ നിന്നും തന്നെ പലതവണ ബന്ധപ്പെട്ടിരുന്നുവെന്ന് രഘു പറഞ്ഞു.
തുടർന്ന് കേരളത്തിൽ നിന്ന് ആലപ്പുഴ ജില്ലാ കളക്ടറും ഒഡീഷയിൽ നിന്ന് കട്ടക്ക് പോലീസ് ഡെപ്യൂട്ടി കമ്മീഷണറും പാസുകൾ നൽകി. ഇതോടെ പ്രകാശിന് കേരളത്തിലെത്താനുള്ള വഴി തുറക്കുകയായിരുന്നു.
ഏഴിന് ഉച്ചയ്ക്ക് 12 ന് ഒഡീഷ അശ്വിനി ആശുപത്രിയുടെ ആംബുലൻസിൽ ഒരു സഹായിക്കും രണ്ടു ഡ്രൈവർമാർക്കും ഒരു പുരുഷ നഴ്സിനുമൊപ്പം പ്രകാശ് യാത്രതിരിച്ചു. 2200 കിലോമീറ്റർ താണ്ടി ഒന്പതിന് രാവിലെ ഒന്പതോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിലെത്തി.
ഇവിടെ നിന്നും കോവിഡ് പ്രാഥമിക പരിശോധനകൾക്കു ശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് വീട്ടിലുമെത്തി. പക്ഷാഘാതത്തെ തുടർന്ന്് നഷ്ടപ്പെട്ട സംസാരശേഷി പിന്നീട് തിരികെ കിട്ടിയിരുന്നു.
14 ദിവസത്തെ ക്വാറന്റൈൻ കാലാവധിക്കു ശേഷം തുടർ ചികിത്സകൾക്ക് തയാറെടുക്കുകയാണ് പ്രകാശ്. ഇതിനിടയിൽ എന്തെങ്കിലും അസ്വസ്ഥകളുണ്ടായാൽ മെഡിക്കൽ കോളജിലെത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എട്ടുവയസുകാരൻ മകൻ അഭിനവിനൊപ്പം നാട്ടിൽ വേദനയോടെ കഴിഞ്ഞിരുന്ന ഭാര്യ ലേഖയ്ക്കും പ്രകാശിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് കുറച്ചൊന്നുമല്ല ആശ്വാസമേകുന്നത്.