കോട്ടയം: കാറുകൾ വാടകയ്ക്ക് എടുത്തു മറിച്ചു വില്പന നടത്തിയ കേസിൽ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയ രണ്ടംഗ സംഘത്തിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.
പാന്പാടി വെള്ളൂരിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവാർപ്പ് സ്വദേശി കെ.പി. നിഖിൽ (28), മുവാറ്റുപുഴ സ്വദേശി അനിമോൻ (34) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കുമരകം പോലീസ് മൂന്നു കേസുകളും പാലാ പോലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചെങ്ങളം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘം പിടിയിലായത്. ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ വാടകയ്ക്ക് എടുത്തശേഷം മറിച്ചു വിൽക്കുന്നതും പണയം വയ്ക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
ഇത്തരത്തിൽ തട്ടിയെടുക്കുന്ന വാഹനങ്ങൾ പെരുന്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിനു നല്കുകയാണ് ചെയ്യുന്നത്. വാഹന ഉടമകൾ പിന്നീട് വിളിച്ചാൽ ഫോണ് എടുക്കുകയോ പ്രതികരിക്കുകയോയില്ല.
പലരിൽ നിന്നായി അന്പതിലേറെ വാഹനങ്ങൾ പെരുന്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിനു കൈമാറുകയും അന്തർ സംസ്ഥാന വാഹന മോഷണ സംഘങ്ങളുമായി ചേർന്ന് പൊളിച്ച് വിറ്റിട്ടുള്ളതായും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മംഗലാപുരത്തും കോയന്പത്തൂരിലുമായി വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘവുമായി ഇവർക്കു ബന്ധമുണ്ടെന്നും കോട്ടയം ടൗണിൽ നിന്നും പരിസരങ്ങളിൽ നിന്നുമായി എട്ട് വാഹങ്ങൾ സംഘം വിൽക്കുകയും പണയം വെയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.