കൽപ്പറ്റ: വയനാട്ടിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരിൽക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊറോണ രോഗത്തിനു ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. നേരത്തേ ജില്ലയിൽ തിരിച്ചെത്തിയ മൂന്നു പ്രവാസികളിൽ കോവിഡ്19 കണ്ടെത്തിയിരുന്നു. രോഗമുക്തി നേടിയ ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ബത്തേരി ചീരാൽ സ്വദേശിയായ 25കാരനിലും മീനങ്ങാടിയിലെ 45കാരിയിലും മാനന്തവാടി എടവക കമ്മനയിലെ 20കാരനിലുമാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.ചീരാൽ സ്വദേശി ചെന്നൈയിലെ കോയന്പേട് മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. മേയ് എഴിനു ചെന്നൈയിൽനിന്നു കാറിൽ വാളയാറിലെത്തിയ ഇദ്ദേഹം മറ്റൊരു കാറിലാണ് വയനാട് അതിർത്തിയിലെ ലക്കിടിയിൽ വന്നത്.
ഇവിടെനിന്നു സഹോദരനും സുഹൃത്തും ചേർന്നു കൂട്ടിക്കൊണ്ടുവന്ന യുവാവ് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.കമ്മന സ്വദേശിയായ യുവാവിനു സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്നാണ് സൂചന. മേയ് അഞ്ചിനു രോഗം സ്ഥിരീകരിച്ച മാനന്തവാടി എടപ്പടിയിലെ യുവാവുമായി ഇദ്ദേഹത്തിനു സന്പർക്കം ഉണ്ടായതായാണ് ആരോഗ്യവകുപ്പിനു ലഭിച്ച പ്രാഥമിക വിവരം.
ഏപ്രിൽ 26നു കോയന്പേട് മാർക്കറ്റിൽനിന്നു വയനാട്ടിലെത്തിയ ലോറിയിലെ ക്ലീനറുടെ മകനാണ് എടപ്പടി സ്വദേശിയായ യുവാവ്. ഈ ലോറിയിലെ എടപ്പെടി സ്വദേശിയായ ഡ്രൈവറുമായി സന്പർക്കമുണ്ടായ വ്യക്തിയുടെ ഭാര്യയാണ് രോഗം സ്ഥിരീകരിച്ച മീനങ്ങാടി സ്വദേശിനി. ലോറി ഡ്രൈവർ ചരക്കിറക്കുന്നതിനായി മീനങ്ങാടിയിൽ എത്തിയിരുന്നു.
52കാരനായ ഡ്രൈവർ, ഇദ്ദേഹത്തിന്റെ 88 വയസുള്ള അമ്മ, 49കാരിയായ ഭാര്യ എന്നിവരിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ലോറി ക്ലീനറുടെ പരിശോധനാഫലം നെഗറ്റീവാണ്. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതു ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും ആശങ്കയിലാക്കി.
മൂന്നു പ്രവാസികൾ രോഗമുക്തി നേടിയതിനുശേഷം നാലു ആഴ്ചയോളം ജില്ലയിൽ കോവിഡ്19 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹരിതമേഖലയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ മേയ് രണ്ടു മുതലാണ് ജില്ലയിൽ കോവിഡ്-19 പോസീറ്റീവ് കേസുകൾ വീണ്ടും റിപ്പോട്ടു ചെയ്തത്.
ജില്ലയിൽ ഇന്നലെ 140 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,752 ആയി. ഉൾക്കാടുകളിൽ മാത്രം കണ്ടിരുന്ന കുരങ്ങുപനി ഇപ്പോൾ ജനവാസകേന്ദ്രങ്ങളിൽ പടരുന്നു
കൽപ്പറ്റ: വയനാട്ടിൽ ആരോഗ്യപ്രവർത്തകർ ഒരേസമയം പോരാടുന്നതു രണ്ടുതരം മാരക വൈറസുകളുമായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനു അരയുംതലയും മുറുക്കിയ ആരോഗ്യപ്രവർത്തകർ കുരങ്ങുപനിക്കു കാരണമായ കെഎഫ്ഡി (ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ്)വൈറസിനെ പിടിച്ചുകെട്ടാനും കഠിനപ്രയത്നം നടത്തുകയാണ്.
കുത്തിവയ്പ്പ്, പരാദനാശിനി പ്രയോഗം, ബോധവത്കരണം, നിരീക്ഷണം, രോഗലക്ഷണങ്ങളുള്ളവർക്കു അടിയന്തര ചികിത്സ എന്നിവയിലൂടെയാണ് ആരോഗ്യവകുപ്പ് കെഎഫ്ഡി വൈറസിനെ പ്രതിരോധിക്കുന്നത്.
ജില്ലയിൽ ഈ വർഷം തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ബത്തേരി മുനിസിപ്പാലിറ്റിയിലെ ചെതലയം ഭാഗത്തുമാണ് കുരങ്ങുപനി റിപ്പോർട്ടു ചെയ്തത്. തിരുനെല്ലിയിലും ചെതലയത്തുമായി 28 പേരിലാണ് കെഎഫ്ഡി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ മരണത്തിനു കീഴടങ്ങി.
ഏതാനും പേർ കുരങ്ങുപനി ലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ഗവ. ആശുപത്രിയിലെ പ്രത്യേക വാർഡിൽ ചികിത്സയിലാണ്. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് ചികിത്സാലയമായി മാറ്റിയ സാഹചര്യത്തിലാണ് ബത്തേരിയിൽ കുരങ്ങുപനി ചികിത്സയ്ക്കു പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ, ചേലൂർ എന്നിവിടങ്ങളിൽ കണ്ട്രോൾ റൂമും മാനന്തവാടി റവന്യൂ ഡിവിഷൻ ഓഫീസിൽ ഹെൽപ് ഡെസ്കും തുറന്ന ആരോഗ്യവകുപ്പ് വനവുമായി ആളുകൾക്കും വളർത്തുമൃഗങ്ങൾക്കുമുള്ള സന്പർക്കം പരമാവധി കുറയ്ക്കുന്നതിനും ഇടപെടൽ നടത്തുന്നുണ്ട്.
2015ൽ വയനാട്ടിൽ 11 പേരാണ് കുരങ്ങുപനി ബാധിച്ചു മരിച്ചത്. ജില്ലയിലെ സ്ഥിരം വാർഷികരോഗങ്ങളുടെ പട്ടികയിലാണ് ഇപ്പോൾ കുരങ്ങുപനി. മുഖ്യമായും കുരങ്ങുകളുടെ ദേഹത്തെ ചെള്ളുകളാണ് വൈറസ് വാഹകർ. ചെള്ളുകളുടെയോ കുഞ്ഞുങ്ങളുടെയോ കടിയേൽക്കുന്പാഴാണ് വൈറസ് മനുഷ്യരിലേക്കു പടരുന്നത്.