പയ്യന്നൂര്‍: കോവിഡ്-19നെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും പോലീസും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിൽ കൂറ്റന്‍ പെയിന്റിംഗ് ഒരുങ്ങുന്നു.
ചിത്രകാരന്മാരുടെ കൂട്ടായ്മയായ കാന്‍വാസ് പയ്യന്നൂരും ദൃശ്യ പയ്യന്നൂരും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. 30 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമുള്ള ചിത്രം തീര്‍ക്കുന്നത് അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ്.
ഇന്നലെ വൈകുന്നേരമാണ് ചിത്രത്തിന്റെ നിര്‍മാണമാരംഭിച്ചത്. മുപ്പത് മീറ്റര്‍ നീളത്തിനെ ഒരു ചതുരശ്ര മീറ്റര്‍ വലിപ്പത്തിലുള്ള കളങ്ങളാക്കി മാറ്റിയാണ് ഓരോ കലാകാരൻമാർക്കും ചിത്രം വരയ്ക്കാനായി നല്‍കിയിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി അന്‍പതോളം കലാകാരന്മാരാണ് മാസ്ക്ക് ധരിച്ച് ചിത്രത്തിന്റെ പണിപുരയിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഇടത്തും വലത്തുമായി നിലകൊള്ളുന്ന പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് കോവിഡ്-19നെ പ്രതിരോധിച്ച് കുഴിയിലേക്ക് ചവിട്ടിതാഴ്ത്തുന്നതാണ് ചിത്രത്തിന്റെ രംഗഭാഷ്യം.
ചിത്രം പൂര്‍ത്തിയാകാന്‍ മുപ്പത് ലിറ്ററോളം പെയിന്റ് വേണ്ടിവരുമെന്നാണ് ഇവര്‍ കണക്കാക്കിയിരിക്കുന്നത്. ത്രീഡി ഇമേജിലുള്ള ചിത്രമായതിനാല്‍ ബസ്സ്റ്റാൻഡിന് മുന്നില്‍ നിന്ന് നോക്കിയാലേ ചിത്രം വ്യക്തമാകൂ. നാളെ രാവിലെ ചിത്രം പൂര്‍ത്തിയാകും.