അനിൽ പന്തപ്ലാവ്
പുനലൂർ: കിഴക്കൻ മേഖലയിലെ മാലിന്യങ്ങൾ മുഴുവൻ വഹിച്ചിരുന്ന കല്ലടയാർ ലോക്ക് ഡൗൺ കാലത്ത് സുന്ദരിയായി. മാലിന്യങ്ങളില്ലാതെ പ്ലാസ്റ്റിക്കുകളില്ലാതെ മനോഹരക്കാഴ്ചയാണ് കല്ലടയാർ ഇന്ന് നമുക്കായി ഒരുക്കുന്നത്.
നദിയുടെ അടിത്തട്ടു പോലും ഇപ്പോൾ തെളിഞ്ഞു കാണാം. കഴിഞ്ഞ 45 ദിവസമായി ലോക്ക് ഡൗണായതോടെ മാലിന്യങ്ങൾ കലരാതെ നദി പഴയ കാല പ്രൗഡിയിലേയ്ക്ക് തിരികെ വരികയാണ്. പ്രത്യേകിച്ചും വ്യാപാര സ്ഥാപനങ്ങളും വിവാഹഓഡിറ്റോറിയങ്ങളും അടച്ചിട്ടതോടെ നദിയിൽ മാലിന്യങ്ങളില്ലാതായി.
പുനലൂർ നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ വഹിച്ചിരുന്ന കല്ലടയാറിന്റെ മനോഹാരിത കാണാൻ ഇപ്പോൾ ദിവസേന നിരവധിയാളുകൾ എത്തുന്നുണ്ട്. വർഷങ്ങൾക്കു ശേഷമാണ് നദിയിലെ മാലിന്യങ്ങളില്ലാതാകുന്നത്.
വിവാഹ ഓഡിറ്റോറിയങ്ങളിൽ നിന്ന് ഭക്ഷണസാധനങ്ങൾ മുതൽ മാംസാവശിഷ്ടങ്ങൾ വരെ കല്ലടയാറ്റിലേയ്ക്കായിരുന്നു ഒഴുക്കിവിട്ടിരുന്നത്. പുനലൂർ തൂക്കുപാലത്തിനു സമീപമെത്തിയാൽ പോലും കല്ലടയാറിന്റെ മനോഹാരിത ദൃശ്യമാകുന്നതാണ്.