പെരിന്തൽമണ്ണ: നഗരത്തിലെ ജൂബിലി ജംഗ്ഷനടുത്തു രണ്ടു വ്യാജ വൈദ്യൻമാരെ പോലീസ് അറസ്റ്റ് ചെയ്തു.മദ്യപാനം, പുകവലി, കഞ്ചാവുപയോഗം എന്നിവയ്ക്കു ആളറിയാതെ 15 ദിവസം കൊണ്ടു നിർത്താമെന്നവകാശപ്പെട്ട് മരുന്നു നൽകിവന്നിരുന്ന തച്ചനാട്ടുകര സ്വദേശി കെട്ടുമ്മൽ അബ്ദുൾ ഖാദർ മുസലിയാർ (61) ആണ് പിടിയിലായത്.
ലഹരി ഉപയോഗിക്കുന്നയാൾ കഴിക്കുന്ന ഭക്ഷണത്തിൽ കലർത്തിക്കൊടുക്കാവുന്ന പൊടിയാണ് ഇയാൾ വിറ്റിരുന്നത്. ഇക്കാര്യം പരസ്യമായി എഴുതിയ ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. പ്രമേഹം, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും ഇയാൾ ചികിത്സിച്ചിരുന്നു. ഇതിനുപയോഗിക്കുന്ന മരുന്നും പിടിച്ചെടുത്തിട്ടുണ്ട്.
മാനസികരോഗങ്ങൾക്ക് അറബി മാന്ത്രിക ചികിത്സ നടത്തുന്നതായും ഇയാൾ പരസ്യം ചെയ്തിരുന്നു. മലപ്പുറം ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ കടയിൽ നിന്നു മരുന്നുകളുടെ സാന്പിൾ ശേഖരിച്ചു.
മൂലക്കുരുവിനു വയനാടൻ ഒറ്റമൂലി ചികിത്സ നടത്തിവന്ന വെട്ടത്തൂർ സ്വദേശി വടക്കൻ അബ്ദുൾ അസീസി(57)നെയും പിടികൂടി. സ്വന്തമായി മരുന്നുകൾ ഉണ്ടാക്കിയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. ഈ മരുന്നുകളും പോലീസ് പിടിച്ചെടുത്തു.
മരുന്നുണ്ടാക്കുന്നതിനോ ചികിത്സിക്കുന്നതിനോ യാതൊരുവിധ ലൈസൻസോ പാരന്പര്യ ചികിത്സ നടത്താനുള്ള അനുമതിയോ രണ്ടുപേർക്കുമില്ല. ഇത്തരക്കാർ നൽകുന്ന മരുന്നുകളിൽ ഘനലോഹങ്ങൾ പോലുള്ള ഘടകങ്ങൾ ചേർക്കുന്നതിനാൽ നിരവധിയാളുകൾക്ക് ലിവർ, കിഡ്നി തകരാറുകൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മതിയായ യോഗ്യതകളില്ലാതെ ചികിത്സിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ സിഐയെ അറിയിക്കണം. ഫോണ്: 9497987170. പരിശോധനയിൽ പോലീസുകാരായ ഷാജി, വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.