കണ്ണൂർ: ലോക നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാർ സമരത്തിൽ. കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരാണ് ഇന്നു രാവിലെ മുതൽ സമരം ആരംഭിച്ചത്. ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ആശുപത്രിയിലെ നഴ്സുമാർക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുക, നിർബന്ധമായി ലീവ് അനുവദിക്കുന്നത് അവസാനിപ്പിക്കുക, ശന്പളം വെട്ടികുറക്കുന്നത് അവസാനിപ്പിക്കുക, നഴ്സുമാർക്കും ജീവനക്കാർക്കും ആശുപത്രിയിൽ എത്താൻ വാഹന സൗകര്യം ഏർപ്പെടുത്തുക, എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകുക, സർക്കാർ ഉത്തരവ് വരുന്നതുവരെ പഞ്ചിംഗ് സന്പ്രദായം അവസാനിപ്പിക്കുക, താത്കാലിക ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്.
പകൽ ഡ്യൂട്ടിയിലുള്ള നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിച്ചാണ് സമരം.
എന്നാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ രാത്രി ഡ്യൂട്ടിയിലുള്ള നഴ്സുമാർ ജോലി സമയം അവസാനിപ്പിക്കാതെ രോഗികളെ പരിചരിച്ചു.
രാവിലെ എട്ടോടെ ആരംഭിച്ച നഴ്സുമാരുടെ സമരത്തിന് മണിക്കൂറുകൾക്കുള്ളിൽ ഫലം കണ്ടു. സമരം നടത്തുന്ന നഴ്സുമാരുമായി ആശുപത്രി മാനേജ്മെന്റ് ചർച്ച നടത്താൻ തയാറായി. നഴ്സുമാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതായി രേഖാമൂലം മാനേജ്മെന്റ് അറിയിച്ചു.
അടുത്ത ദിവസം തന്നെ നഴ്സുമാർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകും. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച കരാർ മാനേജ്മെന്റ് ഒപ്പിട്ടതോടെ നഴ്സുമാർ സമരം പിൻവലിച്ചതായി നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ധന്യ രാഷ്ട്രദീപികയോട് പറഞ്ഞു.