ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. കൂടുതൽ ഇളവുകളോടെ നാലാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കനാണ് സാധ്യത.
നേരത്തേ, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരുന്നു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം.
പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
മഹാരാഷ്ട്രാ, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ആസാം, തെലങ്കാന, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. ഇതോടെയാണ് മേയ് 17ന് ശേഷവും ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്.
കേന്ദ്രം പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കുമോ എന്നാണ് സംസ്ഥാനങ്ങൾ ഉറ്റുനോക്കുന്നത്. ഇതുവരെ കേന്ദ്ര സർക്കർ കാര്യമായ സാന്പത്തിക സഹായങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് മോദിയുടെ ആഹ്വാനം. കോവിഡ്-19നെതിരെ വാക്സിന് വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്ന് മോദി പറഞ്ഞു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചാലും വാക്സിനോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ കണ്ടുപിടിക്കാത്തിടത്തോളം കാലം സാമൂഹ്യ അകലമാണ് വൈറസിനെതിരായ ഏറ്റവും വലിയ ആയുധമെന്ന കാര്യം നമ്മള് ഓര്‍ത്തിരിക്കണം- അദ്ദേഹം പറഞ്ഞു.
മാർച്ച് 24-നു പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഈ 17-നാണ് അവസാനിക്കുക. ഇന്നലെ വൈകുന്നേരം മൂന്നിന് ആരംഭിച്ച കോൺഫറൻസ് രാത്രി ഒമ്പത് വരെ നീണ്ടു.