ലോകം മുഴുവൻ കൊറോണ വൈറസ് പരത്തുന്ന ഭീതിയുടെ നിഴലിൽ നിന്നു രക്ഷനേടാൻ ശ്രമിക്കുന്പോൾ ലോകത്തിനു തന്നെ മാതൃകതീർക്കുകയാണ് നഴ്സുമാരുടെ സേവനം.
തന്റെ നാട് സുഖം പ്രാപിക്കുന്നതിനായി തങ്ങളെതന്നെ സമർപ്പിച്ചിരിക്കുന്ന ഭൂമിയിലെ മാലാഖമാർക്ക് ആദരവർപ്പിക്കുകയാണ് സംഗീത സംവിധായകൻ ജിതിൻ ബെഥാന്യയും സുഹൃത്തുക്കളും ചേർന്നൊരുക്കിയ മാലാഖ.
നന്മയുള്ള ലോകമേ ഇതാ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയതും സംഗീതമൊരുക്കിയതും സംവിധായകൻ കൂടിയായ ജിതിനാണ്. ഷാനി ഷൈനും ജിതിനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. “എനിക്കു രണ്ടു ചേച്ചിമാരാണുള്ളത്- ജിൻസിയും ജീനയും.
ജിൻസി ദുബായിയിലും ജീന പൂനെയിലും നഴ്സുമാരാണ്. രണ്ടുപേരും ഇപ്പോൾ കോവിഡ് ഡ്യൂട്ടിയിലാണ്. മുൻപത്തെപ്പോലെ എപ്പോഴും സംസാരിക്കാൻ പറ്റില്ലെങ്കിലും വിളിക്കുന്പോൾ അവിടുത്തെ അവസ്ഥകൾ പറയും.
അവരുടെ മാത്രമല്ല ഒപ്പം ജോലി ചെയ്യുന്നവരുടേയും. അതൊക്കെ കേട്ടപ്പോൾ തോന്നിയ ആദരവിന്റെ തുടർച്ചയായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ആൽബം ചെയ്യാൻ തീരുമാനിച്ചത്.
നഴ്സുമാർ നമുക്കായി ചെയ്യുന്ന സേവനത്തിന്റെ ആഴം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ വീഡിയോക്ക് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്”- ജിതിൻ പറയുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോയുടെ ചിത്രീകരണവും മറ്റു പ്രവർത്തനങ്ങളും വീട്ടിലിരുന്ന് ഏകോപിപ്പിക്കുകയായിരുന്നു. ടിക് ടോക് ഫെയിമായ അനുരാജ് പ്രീന ദന്പതികളും മാലാഖയുടെ ഭാഗമാണ്.
സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം മാലാഖ കണ്ടത്.
“മാലാഖയ്ക്ക് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും കിട്ടുന്നത്. നിരവധി ആരോഗ്യപ്രവർത്തകർ നന്ദിയും സ്നേഹവും അറിയിച്ചു.
കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിക്കുകയും അവരുടെ ഓഫീഷ്യൽ പേജിൽ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്”- ജിതിൻ പറഞ്ഞു.