കാഞ്ഞിരപ്പള്ളി: മലയോര മേഖലയ്ക്ക് അഭിമാനം പകർന്ന് ജുഡീഷൽ സർവീസ് പരീക്ഷ പാസായ രണ്ടുപേർക്ക് മജിസ്ട്രേറ്റ് നിയമനം. സർക്കാർ പട്ടികയ്ക്ക് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതോടെയാണ് ഇവരുടെ നിയമനം സാധുവായത്.
മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ അഡ്വ. സുമി പുളിന്താനത്തിനും കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിയായ അഡ്വ. ആഷിക്ക് ഷാജഹാനുമാണ് മജിസ്ട്രേറ്റുമാരായി നിയമനം ലഭിച്ചിരിക്കുന്നത്. സുമി 2010ലും ആഷിക്ക് 2016ലുമാണ് എൻറോൾ ചെയ്തത്.
സുമി തിരുവനന്തപുരം ലോ അക്കാഡമിയിൽനിന്നു പഠനം പൂർത്തിയാക്കി. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽനിന്നു പോസ്റ്റ് ഗ്രാജുവേഷനായ എൽഎൽഎമ്മിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു സുമി.
പുലിക്കുന്ന് സ്വദേശിയായ സുരേന്ദ്രൻ – ഉഷ ദന്പതികളുടെ മകളാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജനായ ഡോ. ആർ. രാഗേഷാണ് ഭർത്താവ്. മകൻ ഉദ്ധ്കർശ്.
ആഷിക്ക് ഷാജഹാൻ എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽനിന്നുമാണ് വക്കീൽ പഠനം പൂർത്തിയാക്കിയത്. കോട്ടയം ബാറിലെ അഭിഭാഷകനായ സന്തോഷ് കണ്ടൻചിറക്കൊപ്പമായി രുന്നു പ്രാക്ടീസ്.
കർഷകനായ ഷാജി ജബാറിന്റെയും അൻസൽന ഷാജിയുടെയും മകനാണ്. സഹോദരൻ ആബിദ് ഷാജഹാൻ. എറണാകുളം ജുഡീഷൽ ട്രെയിനിംഗ് അക്കാഡമിയിലെ പരിശീലനത്തിനുശേഷമേ ഇവരുടെ നിയമനമാകൂ.