കടുത്തുരുത്തി: ലോക്ഡൗണിൽ വാഹനസൗകര്യങ്ങൾ പരിമിതമായതോടെ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ ഓഫീസിൽ ജോലിക്കെത്തുന്നത് 23 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു.
സൈക്കിളിൽ കോവിഡ് പ്രതിരോധ സന്ദേശങ്ങളെഴുതിയാണ് ഇദേഹത്തിന്റെ യാത്ര. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനായ കുമാരനല്ലൂർ സന്തോഷ്ഭവനിൽ എസ്.കെ. സന്തോഷാണ് ദീർഘദൂരം സൈക്കിളിൽ സഞ്ചരിച്ചു താൻ ജോലി ചെയ്യുന്ന ഓഫീസിലെത്തുന്നത്.
പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ സൈക്കിളിൽ ഓഫീസിലെത്താനാണ് സന്തോഷിന്റെ തീരുമാനം. എൻജിഒ യൂണിയൻ വൈക്കം ഏരിയാ കമ്മിറ്റി അംഗമായ സന്തോഷ് കോവിഡ് പ്രതിരോധത്തിന്റെ സന്ദേശം സൈക്കിളിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റ് ഉപയോഗിച്ചു എഴുതി വച്ചിട്ടുണ്ട്.
സാനിറ്റൈസർ ഉപയോഗിക്കുക, കൈ കഴുകുക, മാസ്ക് ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പരുത് തുടങ്ങിയ സന്ദേശങ്ങളാണ് സൈക്കിളിന്റെ വിവിധ ഭാഗങ്ങളിൽ എഴുതിയിരിക്കുന്നത്. സൈക്കിളിൽ സാനിറ്റൈസർ വച്ചിട്ടുമുണ്ട്.
ആർക്കും ഇത് ഉപയോഗിക്കാം. കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ സന്ദേശം തന്നാലാകുന്നതുപോലെ പ്രചരിപ്പിക്കുന്നതിനാണ് രാവിലെ കടുത്തുരത്തി ഓഫീസിലേക്കും തിരിച്ചു കുമാരനല്ലൂർക്കും പോകുന്നതിന് ഈമാർഗം സ്വീകരിച്ചതെന്ന് സന്തോഷ് പറയുന്നു.