കണ്ണൂർ: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും കണ്ണൂരിലെ ഷാപ്പുകൾ അടഞ്ഞുകിടക്കുകയാണ്.
ജില്ലയിലെ കള്ളുഷാപ്പുകളിലെ ലേല നടപടികൾ പൂർത്തിയാകാത്തതാണ് ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് പ്രധാന തടസം . കൂടാതെ കള്ളിന്റെ ലഭ്യത കുറവും കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ പ്രശ്നം സൃഷ്ടിക്കുന്നതായി ഷാപ്പ് ഉടമകൾ പറയുന്നു.
ജില്ലയിലെ കള്ള് ചെത്തു തൊഴിലാളികൾക്ക് തെങ്ങ് ഒരുക്കുവാൻ സമയം ലഭിക്കാത്തതാണ് കള്ളിന്റെ ലഭ്യത കുറവിന് പ്രധാന കാരണം. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കള്ള് ചെത്തിയെടുക്കുന്ന സംവിധാനം പൂർണമായും നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തോപ്പിലെ തെങ്ങിൻ കുലകൾ അഴിച്ചിടുകയും കുടം എടുത്തു മാറ്റുകയും ചെയ്തിരുന്നു. ഇവ പൂർവസ്ഥിതിയാക്കിയിട്ട് നാലു ദിവസം മാത്രമേ ആയുള്ളൂ. ഇനി പഴയപടി കള്ള് ലഭ്യമാകണമെങ്കിൽ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് നാറാത്തെ കള്ള് ചെത്തു തൊഴിലാളികൾ പറയുന്നത്.
പാലക്കാട്ട് നിന്നു ജില്ലയിൽ കളള് എത്താറുണ്ടെങ്കിലും ലഭ്യതക്കുറവ് കാരണം അതിന്റെ വരവ് പൂർണമായും നിലച്ചിരിക്കുകയാണ്. ജില്ലയിൽ 385 കള്ളുഷാപ്പകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.