
നിലന്പൂർ: ബ്ലാക്ക് മാന്റെ മറവിൽ യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമം. എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടി പറന്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം.
നോന്പുതുറ കഴിഞ്ഞ് ഷാദിയ അടുക്കളയിലേക്കിറങ്ങുന്നതിനിടെയാണ് രണ്ടംഗസംഘം യുവതിയെ അടുക്കളയിൽ നിന്ന് പിടിച്ചു വലിച്ച് പുറത്ത് കൊണ്ടുപോയി മാലകവരാൻ ശ്രമിച്ചത്.
കഴുത്തിൽ കത്തി വെച്ചാണ് മാല പൊട്ടിച്ചത്. കമ്മലും വലിച്ചു പൊട്ടിച്ചു. ബഹളം വെച്ചതോടെ സംഘം മതിൽ ചാടി ബൈക്കിൽ രക്ഷപ്പെട്ടതായി പറയുന്നു. വീട്ടുകാർ പുറത്തിറങ്ങാതിരിക്കാൻ മോഷ്ടാക്കൾ തന്നെ അടുക്കള വാതിൽ താക്കോൽ കൊണ്ട് പൂട്ടിയതായും പറയുന്നു.
അടുക്കളയിൽ നിന്ന് കുറച്ച് അകലേക്ക് വലിച്ചു കൊണ്ട് പോയാണ് കവർച്ച ശ്രമം നടത്തിയത്. മൂന്നു ദിവസമായി സ്ഥലത്ത് സാമൂഹിക വിരുദ്ധശല്യം ഉണ്ട്. കഴിഞ്ഞ ദിവസം ജനാലക്ക് സമീപം മുഖം മൂടി ധരിച്ച ആളെ ഷാദിയ കണ്ടിരുന്നതായും പറയുന്നു.
ആളുകൾ ബഹളം വെച്ചതോടെ രക്ഷപ്പെട്ടു. ബ്ലാക്ക് മാൻ എന്ന നിലയിലാണ് പ്രദേശത്ത് ദുരൂഹത പടരുന്നത്. നിലന്പൂർ സിഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തിൽ പോലിസ് പരിശോധന നടത്തി.