നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് വെട്ടേക്കോടും മണ്ണുപ്പാടത്തും അജ്ഞാതന്റെ സാന്നിധ്യത്തെ തുടർന്ന് ജനം ഭീതിയിൽ. ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്. ചൊവ്വാഴ് രാത്രി 7.15 ഓടെ എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടിപറന്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് കവരാൻ ശ്രമിച്ചത്.
അടുക്കളയിലേക്ക് ഇറങ്ങുന്നതിനിടയിൽ മാസ്ക് ധരിച്ച് എത്തിയ ഒരാൾ യുവതിയെ പുറത്തേക്ക് വലിച്ച് ഇഴച്ച് കൊണ്ടുപോയി വാതിൽ പുറമെ നിന്ന് പൂട്ടി. ഇതിനിടയിൽ മറഞ്ഞിരുന്ന ഒരാൾ കൂടി രംഗത്ത് വന്നു. കത്തി ഉപയോഗിച്ച് ഇവരുടെ മാല പൊട്ടിച്ചെങ്കിലും ബഹളം വെച്ചതോടെ രണ്ടാളും മതിൽ ചാടി രക്ഷപ്പെട്ട് ബൈക്കിൽ കടന്നതായാണ് പറയുന്നത്.
നിലന്പൂർ സിഐയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി പരിശോധന നടത്തി. രാത്രി 11.30 തോടെ മണ്ണൂപ്പാടത്തെ പരിക്കത്തു പറന്പിൽ ശാന്തകുമാരിയുടെ വീട്ടിലെ അടുക്കളയോടെ ചേർന്ന് ജനലിൽ കൈ കൊണ്ട് തട്ടുന്ന ഒച്ച കേട്ട് വീട്ടുകാർ നോക്കിയെങ്കിലും ആളെ കണ്ടില്ല. വീണ്ടും ഒന്നരയോടെ അതിനോട് ചേർന്ന ജനലിലും തട്ടി.
വീട്ടുകാർ ഉണർന്ന് വീണ്ടും വീടിന്റെ പരിസരങ്ങൾ ശ്രദ്ധിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നരയോടെ വീണ്ടും ജനലിൽ മുട്ടുന്ന ശബ്ദം കേട് തിരയുന്നതിനിടയിൽ മകൾ രമ്യ ജനലിൽ രണ്ട് കൈകൾ കണ്ടു. അടുത്ത വീട്ടിൽ താമസിക്കുന്ന മാതാവ് ലക്ഷ്മി പുലർച്ചെ മൂന്ന് മണിയോടെ വീടിന് പുറത്തെ ശുചിമുറിയിൽ കയറിയ ശേഷം ഇറങ്ങുന്പോൾ മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
മകനെ വിളിച്ചാണ് പൂട്ട് തുറന്നതെന്ന് ലക്ഷ്മി പറഞ്ഞു. സുഹൃത്തുകളുമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ശാന്തകുമാരിയുടെ മകൻ വിഷ്ണു പറഞ്ഞു.
മോഷണ ശ്രമം നടന്ന വേട്ടേക്കോട് വട്ടിപറന്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയായുടെ മൊഴിയും ശാന്തകുമാരിയുടെ മൊഴിയും നിലന്പൂർ സിഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തിൽ എടുത്തു. പോലീസുകാരായ എഡ്വിൻ ജോർജ്, കെ.എസ്.സുജിത്ത്, ശാലിനി, പി.സഞ്ജു എന്നിവരും സിഐക്കൊപ്പം ഉണ്ടായിരുന്നു.