പാലക്കാട്: വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അഞ്ച് കോണ്ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനിൽ പോകാൻ നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസറാണ് നിർദേശം നൽകിയത്.
എംപിമാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ എന്നിവരോടും എംഎൽഎമാരായ അനിൽ അക്കര, ഷാഫി പറന്പിൽ എന്നിവരോടുമാണ് ക്വാറന്റൈനിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചത്.
ക്വാറന്റൈൻ നിർദേശം നൽകിയത് രോഗബാധിതനുമായി ഇടപഴകിയത് കൊണ്ടെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. വാളയാറിൽ ഈ സമയം ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരും പോലീസുകാരും വീട്ടിൽ നിരീക്ഷണത്തിൽ തുടരാനും നിർദേശമുണ്ട്.
കേരളത്തിലേക്ക് എത്തിവർ വാളയാറിൽ കുടുങ്ങിയതോടെയാണ് എംപിമാരും എംഎൽഎമാരും വളയാറിൽ എത്തിയത്. ഇവർ ഇവിടെയെത്തിയവരുമായി അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു.
വാളയാറിൽ സമരം നടത്തിയവർ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി കെ.കെ. ഷൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ എതിർത്ത് കോണ്ഗ്രസ് ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു.
മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും എംപിമാർ ആരോപിച്ചു. അങ്ങനെയെങ്കിൽ ഗുരുവായൂരിൽ പ്രവാസികളെ സ്വീകരിച്ച മന്ത്രി എ.സി. മൊയ്തീനും നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.