പെരുന്പാവൂർ: പെരുന്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വാജ്യവാറ്റുമായി സിനിമ-സീരിയൽ അണിയറ പ്രവർത്തകൻ പടിയിൽ. ചേലാമറ്റം ഒക്കൽ വട്ടപ്പാറ മണി എന്നയാളാണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായത്.
ഒക്കലിൽ വീട്ടിൽ വാജ്യവാറ്റ് നിർമിച്ച് വിൽക്കുന്നുവെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട മണി അകത്തുനിന്നും വാതിൽ അടച്ച് വീട്ടിൽ ഉണ്ടായിരുന്ന ചാരായവും വാഷും ശുചിമുറിയിൽ ഒഴിച്ചുകളഞ്ഞശേഷം പാത്രങ്ങളിലും തറയിലും മണ്ണെണ്ണ ഒഴിച്ചു കഴുകി. വളരെ നേരത്തേ പരിശ്രമത്തിനു ശേഷമാണ് പ്രതി വാതിൽ തുറന്നത്.
തുടർന്നു നടന്ന പരിശോധനയിൽ വീട്ടിൽ നിന്നും കുറച്ച് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. പ്രതിയായ മണി സിനിമ-സീരിയൽ രംഗത്ത് അണിയറ പ്രവർത്തകനായി ജോലി നോക്കുന്നയാളാണ്.
വല്ലം, ഒക്കൽ തുരുത്ത് തുടങ്ങിയ ഭാഗങ്ങളിലും പരിശോധന നടന്നു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ പെരുന്പാവൂർ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ ബാലകൃഷ്ണൻ നായർ, അജി അഗസ്റ്റിൻ, ടി.വി. തോമസ്, എസ്. ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ്കുമാർ, ബിജു, വനിത സിവിൽ എക്സൈസ് ഓഫീസർ സുഖദ ബീവി, ഡ്രൈവർമാരായ സുരേഷ് ബെന്നി പീറ്റർ എന്നിവരും പങ്കെടുത്തു.