കൊച്ചി: ലോക്ക് ഡൗണിൽ വിദേശത്തു കുടുങ്ങിയശേഷം ഇതുവരെ കൊച്ചിയിലെത്തിയ പ്രവാസികളിൽ 362 പേർ ഗര്‍ഭിണികള്‍. ഇതില്‍ 343 പേര് വിമാനമാര്‍ഗം വഴിയും 19 പേര് നാവികസേനയുടെ ഓപ്പറേഷന് സമുദ്രസേതു ദൗത്യത്തിലൂടെ കപ്പലിലുമെത്തിയവരാണ്. ഇതില്‍ രണ്ടുപേര്‍ക്ക് നാട്ടിലെത്തിയ ഉടൻ സിസേറിയന് വേണ്ടി വന്നു.
മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത ഗര്‍ഭിണികളെ വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. പ്രസവത്തീയതി അടുത്തവർക്കും ഗര്‍ഭസംബന്ധമായ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കുമായി കളമശേരി മെഡിക്കല്‍ കോളജില്‍ സജ്ജീകരണങ്ങള്‍ വിപുലപ്പെടുത്തി. ഇവര്‍ക്കായി പ്രത്യേക പ്രസവമുറികളുമുണ്ട്.
പ്രസവാനന്തര ശുശ്രൂഷകള്‍ക്കും പ്രത്യേക മുറികളുണ്ട്. നവജാതശിശു പരിചരണത്തിലും ശ്രദ്ധ പുലര്‍ത്തുന്നു. കോവിഡ് പോസിറ്റീവ് ആയ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാന്‍ പ്രത്യേക എന്‍ഐസിയുകളും സജ്ജമാക്കിയിട്ടുള്ളതായി ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.