സൂറിച്ച്: ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായി. ഈ വര്‍ഷം സെപ്റ്റംബറില്‍ മിലാനിലായിരുന്നു പുരസ്കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. ലോകം കോവിഡ് ഭീതിയില്‍ നില്‍ക്കെ പുരസ്കാരം നല്‍കേണ്ടതില്ലെന്ന് ഫിഫ തീരുമാനമെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 21നു മിലാനിലാണ് പുരസ്കാര ദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്.
വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ലീഗുകളും നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഫിഫ വ്യക്തമാക്കി. വര്‍ണാഭമായ പുരസ്കാരചടങ്ങ് ഈ സമയത്ത്് സംഘടിപ്പിക്കുന്നത് ധാര്‍മികതയെ ചോദ്യം ചെയ്യുന്നതാണെന്നും ഫിഫയുടെ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
11 പുരസ്കാരങ്ങളാണ് ഫിഫ നല്‍കുന്നത്. പുരുഷ വിഭാഗത്തില്‍ ബാഴ്സലോണയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിയും വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മധ്യനിരതാരം മെഗാന് റാപ്പിനോണുമാണ് കഴിഞ്ഞ വര്‍ഷം മികച്ച കളിക്കാര്‍ക്കുള്ള ബെസ്റ്റ് പുരസ്കാരം നേടിയത്. ഈ വര്‍ഷം പുരസ്കാരവിതരണമില്ലാത്തതിനാല് കഴിഞ്ഞ വര്‍ഷം നേടിയവര്‍ തന്നെയാകും ഈ വര്‍ഷത്തെയും ജേതാക്കള്‍.
കോവിഡ് കാലത്ത് സാമാന്യബുദ്ധിയുപയോഗിച്ചും പരമാവധി മുന്‍കരുതലുകളെടുത്തും മാത്രമേ ഫിഫ കാര്യങ്ങള്‍ ചെയ്യൂ എന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രോഗവ്യാപനത്തിന്റെ തുടക്കംമുതല്‍തന്നെ വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന അണ്ടര്‍ 20, അണ്ടര്‍17 വനിതാ ലോകകപ്പുകളും, ഫുട്സാല്‍ ലോകകപ്പും അടുത്ത വര്‍ഷം ഫെബ്രുവരി വരെ നടക്കില്ലെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അബുദാബിയില്‍ നടന്ന ക്ലബ് ലോകകപ്പ് മാത്രമാണ് ഫിഫ മാറ്റിവയ്ക്കാതിരുന്ന ഏക ടൂര്‍ണമെന്റ്.
അതേസമയം, 1956 മുതല്‍ എല്ലാ വര്‍ഷവും നടക്കുന്ന ബാലണ്‍ ഡി ഓര്, യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ എന്നിവയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. യുവേഫയുടെ പുരസ്കാര ചടങ്ങ് ഓഗസ്റ്റ് അവസാനം മോണക്കോയില് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം തീരുമാനിക്കുന്ന വേളയിലാണ് നടക്കുന്നത്.