കൊച്ചി: ഡല്‍ഹിയില്‍നിന്നു സ്പെഷല്‍ ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ എറണാകുളത്തെത്തിയ യാത്രികരില്‍ ആരിലും കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, യാത്രക്കാരില്‍ ഒരാളെ നെഞ്ചു വേദനയെത്തുടര്‍ന്നു കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 1.45 ഓടെയാണു ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത്. 237 പുരുഷന്മാരും 174 സ്ത്രീകളും ഉള്‍പ്പെടെ 411 പേര് ഇവിടെയിറങ്ങി.
എറണാകുളം ജില്ലക്കാരായ 106 പേരാണു ട്രെയിനില്‍ ഉണ്ടായിരുന്നത്. ആലപ്പുഴയില്‍നിന്നുള്ള 45 യാത്രികരും ഇടുക്കി – 20, കോട്ടയം – 75, പത്തനംതിട്ട – 46, തൃശൂര്‍ – 91, മലപ്പുറം – 2, പാലക്കാട് – 12, കണ്ണൂര്‍ -ഒന്ന്, വയനാട് – മൂന്ന്, കൊല്ലം -19 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍നിന്നുള്ള യാത്രികര്‍ എത്തിയത്.
സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് നിര്‍ത്തിയശേഷം ക്രമമായി ഓരോരുത്തരെയും ആരോഗ്യ വിഭാഗം ജീവനക്കാര്‍ തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണു പുറത്തേക്ക് എത്തിച്ചത്.
ഇതിനായി പ്ളാറ്റ് ഫോമുകളില്‍ നാല് മെഡിക്കല്‍ കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ സ്വകാര്യ വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലുമായി വീടുകളിലേക്ക് പോകാന്‍ അനുവദിച്ചു. ഇതിനായി പത്തു കെഎസ്ആര്‍ടിസി ബസുകളും ക്രമീകരിച്ചിരുന്നു.
അതിനിടെ, ജിദ്ദയില്‍നിന്നുള്ള 152 പ്രവാസി മലയാളികള്‍ കൂടി നെടുമ്പാശേരിയില്‍ മടങ്ങിയെത്തി. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു ജിദ്ദയില്‍നിന്നുള്ള സംഘം വിമാനത്താവളത്തിലെത്തിയത്. മടങ്ങിയെത്തിയ സംഘത്തില്‍ മൂന്ന് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.