കണ്ണൂര്‍: പ്ലസ്ടു അനുവദിക്കുന്നതിനായി കെ.എം. ഷാജി എംഎല്‍എ അഴീക്കോട് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പരാതിക്കാരനും സാക്ഷിയും വിജിലന്‍സിന് മൊഴിനല്‍കി.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പരാതിക്കാരായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പദ്മനാഭന്, മുസ്ലീം ലീഗില്‍നിന്ന് പുറത്താക്കിയ നൗഷാദ് പൂതപ്പാറ എന്നിവർ ഡിവൈഎസ്പി മധുസൂദനന് മുന്‍പാകെ എംഎല്‍എയ്ക്കെതിരേ മൊഴി നല്‍കിയത്.
കെ.എം. ഷാജി സ്കൂള്‍ മാനേജ്മെന്റിൽനിന്ന് കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജിലന്‍സ് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന മൊഴിയാണ് പരാതിക്കാരനും സാക്ഷിയും വിജിലന്‍സിനു നല്‍കിയതെന്നാണ് സൂചന.
കുടുവന്‍ പദ്മനാഭന്റെ പരാതിയില്‍ നേരത്തെ കേസെടുത്ത് എഫ്ഐആര്‍ തലശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം ഇപ്പോള്‍ സാധ്യമല്ലെങ്കിലും പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മാസം 31 ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനന് വിരമിക്കും. അതിനുമുമ്പ് ഈ കേസില്‍ പരമാവധി അന്വേഷണം പൂര്‍ത്തിയാക്കാനാണ് നീക്കമെന്നറിയുന്നു.
2014-ല്‍ നടന്നുവെന്ന് പറയുന്ന ഒരു കാര്യത്തില്‍ 2017-ല്‍ ഉയര്‍ന്നുവന്ന പരാതി പൊടിതട്ടിയെടുത്തിരിക്കുന്നത് രാഷ്ട്രീയവിരോധം തീര്‍ക്കാനാണെന്ന ആരോപണത്തിനിടെയാണ് അന്വേഷണം. എന്നാല്‍ കെ.എം. ഷാജിക്ക് പണം നല്‍കിയിട്ടില്ലെന്നാണ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ നേരത്തെ പ്രതികരിച്ചത്.
നേരത്തെ മൊഴിയെടുത്തതാണെന്നും ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നത് മുഖ്യമന്ത്രിക്കെതിരേ പ്രതികരിച്ചതുകൊണ്ടാകാമെന്നുമാണ് മാനേജര്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ കൈക്കൂലി നല്കിയ വ്യക്തി ഒരിക്കലും കൈക്കുലി നല്കിയെന്നു പറയില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാനേജരും പ്രതിയാകുമെന്ന സൂചനയും വിജിലന്‍സ് നല്കുന്നു. 2013-14 കാലയളവില്‍ അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതിന് സ്കൂള്‍ മാനേജര്‍ മുസ്ലിം ലീഗ് പൂതപ്പാറ പ്രാദേശികസമിതിയെ സമീച്ചിരുന്നതായാണ് കണ്ടെത്തല്‍.
സ്കൂള്‍ അനുവദിച്ചാല്‍ ഒരു അധ്യാപക തസ്തികയ്ക്കു വാങ്ങുന്ന പണം പാര്‍ട്ടി കമ്മിറ്റി ഓഫീസിന്റെ കെട്ടിടം നിര്‍മിക്കാന്‍ നല്‍കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. 2014-ല്‍ കോഴ്സ് അനുവദിച്ചെങ്കിലും പണം നല്‍കേണ്ടെന്ന് സ്കൂള്‍ മാനേജ്മെന്റിനോട് കെ.എം. ഷാജി എംഎല്‍എ ആവശ്യപ്പെട്ടതായും പറയുന്നു.
പ്ലസ് ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017-ല്‍ സ്കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണ് ഷാജിക്ക് 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റ് നല്‍കിയെന്ന് ആരോപണം പുറത്തുവന്നതെന്ന് പറയുന്നു.