ന്യൂഡൽഹി: കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ രാജ്യങ്ങള്‍ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രിയും ബില്‍ഗേറ്റ്സും തമ്മില്‍ ചര്‍ച്ച നടത്തി.വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ചർച്ച.
ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ കഴിവുകള്‍ എങ്ങനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച ചര്‍ച്ചയുണ്ടായി. “ബിവല്ഗേറ്റ്സുമായി വിപുലമായ രീതിയില്‍ ആശയവിനിമയം നടത്തി.
കൊറോണ വൈറസിനെതിരേ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍, കൊറോണക്കെതിരേയുള്ള പോരാട്ടങ്ങളില്‍ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍, കൊറോണയെ നേരിടാനുള്ള സാങ്കേതിക വിദ്യയുടെ പങ്ക്, വാക്സിന് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു” എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ നിർണായകമായ പങ്കു വഹിക്കുന്നതായി പ്രധാനമന്ത്രിയുടെ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റിൽ ബിൽഗേറ്റ്സ് കുറിച്ചു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനന്റെ മറ്റു പല ഭാഗങ്ങളിലും ഗേറ്റ്സ് ഫൗണ്ടേഷന് നടത്തുന്ന ആരോഗ്യ സംബന്ധിയായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
സാമൂഹ്യ അകലം, കൊവിഡ് പ്രതിരോധ പോരാളികള്‍ക്ക് നല്കുന്ന ആദരം, മാസ്ക് ധരിക്കല്‍, വ്യക്തിശുചിത്വം, ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ പാലിക്കല്‍ ഇവയെല്ലാം അത്യവശ്യമാണെന്നും മോദി സൂചിപ്പിച്ചു. ഗ്രാമീണ മേഖലയിലെ ആരോഗ്യ സേവന രംഗത്തെ ഇന്‍ഡ്യയുടെ സവിശേഷ മാതൃക, സര്‍ക്കാര്‍ വികസിപ്പിച്ച ഫലപ്രദമായ കോണ്ടാക്റ്റ്-ട്രേസിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രചരിപ്പിക്കല്‍, വാകസിന് വികസിപ്പിക്കല്‍ എന്നിവയും ഇരുവരും പരസ്പരം ചര്‍ച്ച ചെയ്തു.
കോവിഡിനാനന്തര ലോകത്ത് ജീവിതശൈലി, സാമ്പത്തിക സംഘടന, സാമൂഹിക മനോഭാവം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലെ ആവശ്യമായ മാറ്റങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതില്‍ ഗേറ്റ്സ് ഫൗണ്ടേഷന് നേതൃത്വം നല്‍കാമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇത്തരമൊരു പ്രവര്‍ത്തി നടത്തിയാല്‍ ഇന്ത്യ അതിന് സഹായം നല്‍കുമെന്നും മോദി ഗേറ്റ്സിനെ അറിയിച്ചു.