മാരകമായ രാസവസ്തുക്കളുപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങകള്‍ വീണ്ടും വിപണിയില്‍ ! കോട്ടയ്ക്കലിലെ കടയില്‍ നിന്ന് പിടികൂടിയത് ‘ചൈനീസ് പൗഡര്‍’…

ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ തച്ചുതകര്‍ത്തു മുന്നേറുമ്പോള്‍ വിപണികളില്‍ നിന്നും ചൈനയെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് രാജ്യം.

എന്നാല്‍ കേരളമുള്‍പ്പെടെ എവിടെയും നിറഞ്ഞു നില്‍ക്കുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങളാണെന്നു മാത്രം.

കേരളത്തിന്റെ പഴ വര്‍ഗ്ഗ വിപണിയിലും ചൈന അതിന്റെ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്.

മാമ്പഴക്കാലമായതിനാല്‍ വ്യാപാരികളില്‍ പലരും ഇപ്പോള്‍ തങ്ങളുടെ ബിസിനസില്‍ ലാഭം കിട്ടാന്‍ ആശ്രയിച്ചതും ചൈനയെത്തന്നെയാണ്.

രാസവസ്തുക്കള്‍ ഉപയോഗിച്ച് ക്യത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ ഇപ്പോള്‍ ധാരാളമായി വില്‍പ്പനെയ്‌ക്കെത്തിയിരിക്കുകയാണ്.

അത്തരത്തില്‍ മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡര്‍’ കോട്ടയ്ക്കലിലെ കടയില്‍നിന്ന് പിടികൂടിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൗഡര്‍ കണ്ടെത്തിയത്.

ചെറുപാക്കറ്റുകളില്‍ സൂക്ഷിച്ച ചൈനീസ് പൗഡര്‍ അഥവാ എഥിലീന്‍ പൗഡര്‍ ഉപയോഗിച്ച് പഴുപ്പിച്ച മുന്നൂറ് കിലോയോളം മാങ്ങയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്.

മുമ്പ് ഉപയോഗിച്ചിരുന്ന കാര്‍ബൈഡിനു പകരമാണ് ഇപ്പോള്‍ എഥിലീന്‍ പൊടി ഉപയോഗിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കൊച്ചിയിലും പാലക്കാട്ടുമെല്ലാം ഈ പൊടി പിടികൂടിയിരുന്നു.

എന്നാല്‍ മലപ്പുറത്ത് ആദ്യമായാണ് ഇതിന്റെ ഉപയോഗം ശ്രദ്ധയില്‍പ്പെടുന്നത്. പൊടി കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇത് എത്തിലിന്‍ പൗഡര്‍തന്നെയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധനകഴിഞ്ഞാലേ ഉറപ്പിച്ചു പറയാനാവൂ എന്ന് പൊന്നാനി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ യു.എം. ദീപ്തി പറഞ്ഞു.

Related posts

Leave a Comment