ശ്രീകാര്യം : വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് മുങ്ങിത്താണതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. സമരംയൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു ഉദ്ഘാടനം ചെയ്തു.
അഞ്ചുമാസങ്ങൾക്കു മുന്പ് 80ലക്ഷം രൂപ ചെലവാക്കി കെടിഡിസി നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറി കായലിൽ താഴ്ന്നിരുന്നു.
പ്രവർത്തകർ വേളി ബോട്ട് ക്ലബ്ബിനകത്ത് അതിക്രമിച്ച് കയറി ലൈഫ് ബോയിയിൽ പതാക കെട്ടി കായലിൽ വലിച്ചെറിഞ്ഞു. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത്, തിരുവനന്തപുരം അസംബ്ലി മണ്ഡലം പ്രസിഡന്റ് കിരൺ ഡേവിഡ്, പാട്രിക് മൈക്കിൾ, വിനേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വേളി രാമചന്ദ്രൻ, കൗൺസിലർമാരായ മേരി ലില്ലി രാജ, ഷീബാഷീബ പാട്രിക്, പ്രതിഭ ജയകുമാർ എന്നിവർ പങ്കെടുത്തു.