അങ്ങാടിപ്പുറം: വളാഞ്ചേരിയിൽ നിന്നും സൈക്കിളിൽ ഒഡീഷയിലേക്ക് പുറപ്പെട്ട അഞ്ചംഗ അതിഥി തൊഴിലാളികളെ അങ്ങാടിപ്പുറത്ത് വച്ച് പെരിന്തൽമണ്ണ പോലീസ് പിടികൂടി തിരിച്ചയച്ചു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് നാലു സൈക്കിളുകളിലായി അഞ്ചുപേരടങ്ങുന്ന സംഘം വളാഞ്ചേരിയിൽ നിന്നും പുറപ്പെട്ടത്. സൈക്കിളിൾ കെട്ടിവച്ച ബാഗുകളുമായി കിലോമീറ്ററുകൾ താണ്ടി വരുന്നതിനിടയ്ക്കാണ് അങ്ങാടിപ്പുറം മേൽപ്പാലം പരിസരത്തു വെച്ചു പെരിന്തൽമണ്ണ വനിതാ എസ്ഐ രമാദേവിയും സംഘവും പിടികൂടിയത്.
വളാഞ്ചേരിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു ഇവരെല്ലാവരും. ലോക്ക് ഡൗണ്‍ മൂലം ഹോട്ടൽ പൂട്ടിയതോടെ പണിയില്ലാതെ റൂമിൽ കഴിയുന്പോഴാണ് വീട്ടുടമയുടെ നിർദേശ പ്രകാരം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയത്.
എന്നാൽ തങ്ങൾക്ക് പോകാൻ താത്പര്യമില്ലായിരുന്നുവെന്നും കയറി കിടക്കാൻ ഇടമില്ലാത്തതിനാലാണ് ഞങ്ങൾ സൈക്കിളുമെടുത്ത് നാട്ടിലേക്ക് പോകാൻ ഇറങ്ങിതെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
ഇതേ തുടർന്ന് വീട്ടുടമയ്ക്ക് ഫോണ്‍ ചെയ്ത് താക്കീത് നൽകിയ പോലിസ് ഇവരോട് താമസസ്ഥലത്തേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു. പോലീസിന്റെ നിർദേശ പ്രകാരം ഇവർ സൈക്കിളിൽ വന്നവഴി വളാഞ്ചേരിയിലേക്ക് തന്നെ തിരിച്ചു.