കൽപ്പറ്റ: മേയ് 19നു കോവിഡ്-19 സ്ഥിരീകരിച്ച മാനന്തവാടി കമ്മനയിലെ 20കാരനു നിരവധിയാളുകളുമായി സന്പർക്കം. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട റൂട്ട് മാപ്പാണ് ഇതിലേക്കു വിരൽചൂണ്ടുന്നത്.
കേസുമായി ബന്ധപ്പെട്ടു ഏപ്രിൽ 24നും 28നും മാനന്തവാടി പോലീസ് സ്റ്റേഷനിലും മെയ് രണ്ടിനു മാനന്തവാടി ഡിവൈഎസ്പി ഓഫീസിലും യുവാവ് എത്തിയതായി റൂട്ട്മാപ്പ് വ്യക്തമാക്കുന്നു.
യുവാവുമായുള്ള സന്പർക്കമാണ് മാനന്തവാടി സ്റ്റേഷനിലെ മൂന്നു പോലീസുകാർക്കു കൊറോണ വൈറസ് ബാധയേൽക്കാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
മേയ് 10നു രോഗം സ്ഥിരികരിച്ചെങ്കിലും നാലു ദിവസങ്ങൾക്കു ശേഷമാണ് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കാൻ ആരോഗ്യവകുപ്പിനായത്. യുവാവിന്റെ നിസഹകരണമാണ് റൂട്ട് മാപ്പ് തയാറാക്കുന്നതു വൈകാൻ കാരണമായത്.
പിപിഇ ധരിച്ചു രണ്ടു പോലീസുകാർ ചോദ്യം ചെയ്തിട്ടും ലഹരിക്കച്ചവടക്കാരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാവ് സന്പർക്കവിവരം പൂർണമായി വെളിപ്പെടുത്താൻ തയാറായില്ല.
ഇതിനകം നൽകിയ വിവരം അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് തയാറാക്കിയത്. ഇതു അപൂർണമാണെന്ന അഭിപ്രായം ജനങ്ങൾക്കിടിയിലുണ്ട്.
ഏപ്രിൽ 28നും മെയ് എട്ടിനും ഇടയിൽ പൂളയ്ക്കലിലെ പീടികയിയിൽ മൂന്നു തവണ പോയതായാണ് യുവാവ് വെളിപ്പെടുത്തിയത്. ഏപ്രിൽ 28നു വൈകുന്നേരം മാനന്തവാടി വിൻസന്റ്ഗിരി ആശുപത്രിയിൽ യുവാവ് എത്തിയതായും റൂട്ട്മാപ്പ് വ്യക്തമാക്കുന്നു. മെയ് എട്ടിനാണ് സ്രവം പരിശോധനയ്ക്കു എടുത്തത്. പിറ്റേന്നു വൈകുന്നേരം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
മേയ് രണ്ടിനു കോവിഡ്-19 സ്ഥിരീകരിച്ച മാനന്തവാടി എടപ്പടിയിലെ ലോറി ഡ്രൈവറുമായുള്ള സന്പർക്കത്തിലുടെയാണ് യുവാവിനു രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
എന്നാൽ ഡ്രൈവറുമായി ഒരു തരത്തിലുള്ള സന്പർക്കവും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് യുവാവ്. കമ്മന സ്വദേശിയുമായി സന്പർക്കം ഉണ്ടായിട്ടില്ലെന്നാണ് ലോറി ഡ്രൈവറും പറയുന്നത്.