കോഴിക്കോട്: വ്യാപാരികളുടെ പകൽകൊള്ള തടയുന്നതിന് ജില്ലാ ഭരണകൂടം പുറത്തിറക്കുന്ന വിലനിലവാര പട്ടികയോട് മിക്ക വ്യാപാരികൾക്കും പല്ലുവില. പച്ചക്കറി, പഴം, പലചരക്ക് , മത്സ്യം, ഇറച്ചി എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക ഇടയ്ക്കിടെ പുറത്തിറക്കുന്നുണ്ടെങ്കിലും ആ വിലയ്ക്ക് പലതും ലഭ്യമാകുന്നില്ല.
ഇറച്ചിക്കും മത്സ്യത്തിനുമാണ് തീവില ഈടാക്കുന്നത്. ജില്ലാ കളക്ടർ പുറത്തിറക്കിയ വിലനിലവാരപട്ടികയെക്കുറിച്ച് ചൂണ്ടിക്കാണിച്ചാൽ, “ങ്ങള് കളക്ടറുടെ അടുത്തൂന്ന് വാങ്ങിക്കോളീ ….’ എന്നാണ് ചില ഇറച്ചി- മത്സ്യ വ്യാപാരികൾ നൽകുന്ന മറുപടി.
കോഴിയിറച്ചി കിലോയ്ക്ക് 180, എല്ലില്ലാത്ത പോത്തിറച്ചി 300, അയല- 240 തുടങ്ങിയാണ് ജില്ലാ കളക്ടർ ഇന്നലെ പുറത്തിറക്കിയ വിലനിലവാരം. പക്ഷെ ഒരു കിലോ കോഴിയിറച്ചിക്ക് 220 രൂപയും അയലക്ക് 400 ഉം, പോത്തിറച്ചിക്ക് 330 രൂപയുമാണ് വാങ്ങുന്നത്.
മൊത്തവിലനിലവാരം പരിശോധിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിലനിലവാര പട്ടിക പുറത്തിറക്കുന്നത്. ജില്ലാ കലക്ടർക്ക് അതിനുള്ള അധികാരവുമുണ്ട്. ലോക്ഡൗൺ പ്രമാണിച്ച് പൊടിതട്ടിയെടുത്ത വിലനിയന്ത്രണ അധികാരം തുടക്കത്തിൽ ജനങ്ങൾക്ക് ഗുണകരമായിരുന്നെങ്കിലും, ഇപ്പോൾ വിലനിയന്ത്രണം പാലിക്കപ്പെടുന്നില്ല.