അഞ്ച് പെണ്‍കുട്ടികള്‍ പതിവായി ശല്യപ്പെടുത്തുന്നു ! സഹികെട്ട് പോലീസില്‍ പരാതി നല്‍കി മൂന്നാംക്ലാസുകാരന്‍;സംഭവം അന്വേഷിച്ച് എത്തിയ ജനമൈത്രി പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാണ് കേരളാ പോലീസിന്റെ മുഖമുദ്ര. ഏതു കൊച്ചു കുഞ്ഞിനു പോലും പരാതിയുമായി കയറിച്ചെല്ലാവുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍ എന്ന് പറയുന്നത് ഇത്രയും നാള്‍ ഒരു അതിശയോക്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരമൊരു കാര്യം നടന്നിരിക്കുകയാണ്.

അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് മുന്നിലെത്തിയത് എട്ടുവയസ്സുകാരന്‍ ആണ്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ ഭാഗത്ത് താമസിക്കുന്ന ഉമര്‍ ദിനാര്‍ എന്ന മൂന്നാം ക്ലാസ്സുകാരന്‍ എഴുതിത്തയ്യാറാക്കിയ വിചിത്ര പരാതിയുമായി ജനമൈത്രി പോലീസിനെ സമീപിച്ചത്.

എന്നാല്‍ പയ്യന്റെ പരാതി കേട്ട് പോലീസുകാരുടെ കണ്ണ് തള്ളി. ഇംഗ്ലീഷിലാണ് പരാതി എഴുതുയിന്നത്.

തന്റെ അയല്‍വാസികളായ അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു പരാതിയിലെ ആവശ്യം. പെണ്‍കുട്ടികളുടെ പേരും വയസ്സും പരാതിയുണ്ടായിരുന്നു.

18 വയസുള്ള ഒരാളും 14 വയസ്സുള്ള രണ്ടു പേരും 15ഉം 10ഉം വയസ്സുള്ള ഓരോരുത്തരും ആയിരുന്നു പ്രതികള്‍.

അഞ്ചു പെണ്‍കുട്ടികള്‍ ചെറിയ പയ്യനെ ശല്യപ്പെടുത്തുന്നു എന്ന് പരാതി ഗൗരവമായി എടുത്ത് അന്വേഷണം നടത്തിയ സംഘം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയും ചെയ്തു.

കൊച്ചുകുട്ടി വിശ്വാസമര്‍പ്പിച്ച് പറഞ്ഞതല്ലേ എന്നു കരുതി കസബ പൊലീസ് ഉമര്‍ ദിനാറിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു. പക്ഷെ വീട്ടിലെത്തിയപ്പോള്‍ കസബ പൊലീസ് ഇതുവരെ കൈകാര്യം ചെയ്യാത്ത കേസായി ഇത് മാറി.

പരാതിയില്‍ ശല്യം ചെയ്യുന്നു എന്നാണ് പരാമര്‍ശിച്ചത് എങ്കിലും ഉമറിനെ സ്വന്തം സഹോദരിയും അടുത്ത ബന്ധുക്കളായ മറ്റു നാലു സഹോദരികളും അവരോടൊപ്പം കളിക്കാന്‍ കൂട്ടുന്നില്ല എന്നതായിരുന്നു യഥാര്‍ഥ പ്രശ്‌നം.

വീട്ടിലെ പെണ്‍പടക്കിടയിലെ ഒരേയൊരു ആണ്‍ തരിയാണ് ഉമര്‍ ദിനാര്‍. ഷട്ടിലും, ലുഡോയും, കള്ളനും പോലീസുമൊന്നും കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ചെറിയ കുട്ടിയായ ഉമറിനെ കൂട്ടിയിരുന്നില്ല.

പല വട്ടം പറഞ്ഞിട്ടും കേള്‍ക്കാതെ ആയതോടെ കരയുന്ന ഉമറിനെ ആശ്വസിപ്പിക്കാന്‍ ഉപ്പയാണ് പറഞ്ഞത് പോലീസില്‍ നമുക്ക് ഒരു പരാതി കൊടുക്കാം എന്ന്.

എന്നാല്‍ ഇത് സീരിയസായി എടുത്ത ഉമര്‍ പരാതി എഴുതി വീടിനു മുന്നിലൂടെ സ്ഥിരം പോകുന്ന ബീറ്റ് ഓഫീസര്‍മാര്‍ക്ക് കൊടുക്കുകയായിരുന്നു.

ഇത് വീട്ടുകാരും അറിഞ്ഞില്ല. പോലീസ് ആകട്ടെ ഉമറിന്റെ പരാതി കിട്ടിയതിനാല്‍ തന്നെ പിറ്റേന്ന് വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു.

മറ്റുള്ളവരോടൊപ്പം കളിക്കാന്‍ കൂടാതിരിക്കാനും കളിയാക്കലും ആണ് പരാതിയില്‍ ശല്യം ചെയ്യല്‍ എന്ന് പോലീസിന് മനസ്സിലായി.

പിന്നെ പെണ്‍കുട്ടികളെ ഒന്ന് പേടിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പ്രശ്‌നം കോംപ്രമൈസില്‍ ആക്കുകയും ചെയ്തിട്ടാണ് പോലീസ് മടങ്ങിയത്.

ഉമര്‍ ദിനാറിനെ കളിയാക്കിയ സ്വന്തം സഹോദരിയും അടുത്ത ബന്ധുക്കളായ മറ്റ് നാല് പെണ്‍കുട്ടികളെയും നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പ്രശ്‌നം രമ്യമായി പരിഹരിച്ചു എന്ന് കസബ എസ്‌ഐ ഷിജു അറിയിച്ചു.

എന്തായാലും ഉമറിന്റെ പരാതി കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ ലോക്ക്ഡൗണ്‍ കാലത്ത് പുറത്തു പോകാനാവാത്ത സാഹചര്യത്തില്‍ കളിയ്ക്കു കൂട്ടണമെന്ന ഉമറിന്റെ ആവശ്യം ന്യായമാണെന്നും പലരും പറയുന്നു.

https://www.youtube.com/watch?time_continue=19&v=3z10OaVjAx8&feature=emb_logo

Related posts

Leave a Comment