പത്തനംതിട്ട: മലയോരത്തെ കടുവ ഭീതി ഒഴിവാക്കാന്‍ വനമേഖലകളിലാകെ വ്യാപകമായ തെരച്ചില്‍ തുടങ്ങി. വനപാലകരുടെ നേതൃത്വത്തിലാണ്് പരിശോധന. ഇതുവരെ കടുവയെ കണ്ടു എന്നു പറയുന്നിടങ്ങളിലാണ് തെരച്ചില്‍ നടത്തിയിരുന്നത്.
പകരം എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് വനമേഖലയാകെ തെരയാനാണ് തീരുമാനം. വീണ്ടും ആക്രമണമുണ്ടായാല്‍ വെടിവച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. പേഴുംപാറയില്‍ വെള്ളിയാഴ്ച കണ്ടെത്തിയെങ്കിലും ആരെയും ആക്രമിക്കാത്തതിനാല്‍ കൊല്ലുകയെന്ന കടുത്ത തീരുമാനത്തിലേക്ക് വനംവകുപ്പ് കടന്നില്ല.
ഒന്നിലേറെ പേരെ കൊന്നു തിന്നാല്‍ മാത്രമേ നരഭോജി എന്നു പ്രഖ്യാപിക്കാനാകൂവെന്നാണ് നിയമം. അങ്ങനെ പ്രഖ്യാപിച്ചാല്‍ മാത്രമെ വെടിവച്ചു കൊല്ലാന്‍ കഴിയുകയുമുള്ളൂ. ഇതാകട്ടെ വൈല്‍ഡ് ലൈഫ് ചീഫ് വാര്‍ഡന്റെ ഉത്തരവു വേണം.
ഇങ്ങനയൊരു ഉത്തരവ് ലഭിക്കുന്നതിലെ നിയമക്കുരുക്ക് കാരണം മയക്കുവെടിവയ്ക്കുകയെന്ന ദൗത്യമാണ് ഇപ്പോള്‍ വനംവകുപ്പിനുള്ളത്. പോലീസിലെ ഷാര്‍പ്പ് ഷൂട്ടര്മാരെത്തിയെങ്കിലും വനംവകുപ്പിന്റെ നിര്‍ദേശപ്രകാരമേ ഇവര്‍ക്കും നടപടി സ്വീകരിക്കാനാകൂ.
വനംവകുപ്പിന്റെ കാമറയില്‍ കുടുങ്ങാതെ ഒളിച്ചു നടക്കുന്നതിനാല്‍ കടുവ ഏതെന്ന് തിരിച്ചറിയാനും വനംവകുപ്പിനായിട്ടില്ല. ഡ്രോണ്‍ കാമറയില്‍ ലഭിച്ച ചിത്രം വ്യക്തമായതുമില്ല. തണ്ണിത്തോട്ടില്‍ ടാപ്പിംഗ് തൊഴിലാളിയെയും മണിയാറില്‍ പശുക്കിടാവിനെയും ആക്രമിച്ചു കൊന്ന കടുവ വടശേരിക്കര, പെരുനാട്, ചിറ്റാര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി ഗ്രാമമായ പേഴുംപാറയിലും പരിസര പ്രദേശങ്ങളിലും വിഹരിക്കുന്നതായാണ് വിവരം.
ഇതിനിടെ കടുവയെ പിടികൂടിയെന്നും പല സ്ഥലങ്ങളിലും കണ്ടുവെന്നുമുള്ള തരത്തിലുള്ള വ്യാജപ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നതും പ്രദേശവാസികളുടെ സാധാരണ ജീവിതത്തെ ബുദ്ധിമുട്ടിലാക്കി. ഏറെ ഭീതിയോടെയാണ് വടശേരിക്കര, പേഴുംപാറ, മണിയാര്‍, തണ്ണിത്തോട്, മേടപ്പാറ പ്രദേശത്തുള്ളവര്‍ ഒരാഴ്ചയിലേറെയായി കഴിയുന്നത്.