തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിലൂടെ തരംഗമായ നായികയാണ് അനശ്വര രാജൻ. ആ സിനിമയുടെ വിജയം നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.
മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര എല്ലാവർക്കും സുപരിചിതയായത്. ഉദാഹരണം സുജാതയാണ് അരങ്ങേറ്റ ചിത്രമെങ്കിലും തണ്ണീർ മത്തൻ ദിനങ്ങളാണ് അനശ്വരയെ എല്ലാവർക്കും പ്രിയങ്കരിയാക്കി മാറ്റിയത്.
തണ്ണീർമത്തൻ ദിനങ്ങൾക്ക് പിന്നാലെ ആദ്യരാത്രി എന്ന ചിത്രവും അനശ്വര രാജന്േറതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവായിരുന്നു താരം.
തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവച്ച് അനശ്വര രാജൻ എത്താറുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കുടുംബത്തെയും തന്റെ സിനിമാജീവിതത്തെക്കുറിച്ചും നടി മനസുതുറന്നിരുന്നു.
സിനിമയിൽ വന്നതിനു ശേഷം അൽപം കൂടി ബോൾഡായിട്ടുണ്ട് താനെന്ന് അനശ്വര പറയുന്നു. സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ വളരെ സെൻസിറ്റീവ് ആയിരുന്നു.
ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് സങ്കടം വരും. പക്ഷേ പുറത്ത് കാണിക്കാറില്ല. അതുപോലെ എക്സൈറ്റഡ് ആണെങ്കിൽ അത് ഓവറായിരിക്കും. ഇപ്പോൾ എന്റെ ഇമോഷനുകളെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്.
ഒഴിവാക്കേണ്ട കാര്യങ്ങളെ ഇപ്പോൾ നിസാരമായി ഒഴിവാക്കാനാവുന്നു. പക്ഷേ എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും എന്റെ മനസിലുളളത് മുഖത്ത് പ്രകടമാകും.
സിനിമയിൽ വന്ന ശേഷം കുടുംബവുമൊത്ത് ചെലവഴിക്കാനുളള സമയം കുറഞ്ഞു. ചേച്ചിക്ക് പഠനസംബന്ധമായ തിരക്കുകളാണ്. അച്ഛന് ജോലി സംബന്ധവും, അതിനാൽ തന്നെ ഷൂട്ടിംഗ് ഇടവേളകളിൽ ഞാൻ വീട്ടിലെത്തിയാലും എല്ലാവരും ഒന്നിച്ച് കൂടണമെന്നില്ല.
പക്ഷേ ഒരുമിച്ചുകൂടാൻ ചിലപ്പോഴെങ്കിലും എല്ലാവരും കൂടി സമയം കണ്ടെത്താറുണ്ട്. ഒരു കഥ വന്നാൽ ഞാൻ ആദ്യം വിളിക്കുന്നത് ചേച്ചിയെ ആണ്. അവൾ കഥ കേട്ട് അഭിപ്രായം പറഞ്ഞാൽ മാത്രമേ ഞാൻ തീരുമാനമെടുക്കാറുളളു.
അവളുടെ സെലക്ഷനായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. സമയമുണ്ടെങ്കിൽ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നാണ് കഥ കേൾക്കുന്നത്. അല്ലെങ്കിൽ ആദ്യം ഞാൻ കഥ കേട്ട ശേഷം വീട്ടിൽ എല്ലാവരോടും ചർച്ച ചെയ്യും.
എന്റെ ഇഷ്ടത്തിന് തന്നെയാണ് എല്ലാവരും മുൻഗണന നൽകുന്നത്. ഉദാഹരണം സുജാത റിലീസ് ആയ ദിവസമാണ് ജീവിതത്തിൽ എറ്റവും കൂടുതൽ സന്തോഷിച്ചത്.
കാരണം ജീവിതത്തിലെ വഴിത്തിരിവായിരുന്നു അന്ന്. സുജാതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവസവും അതുപോലെ തന്നെ എന്നും ഓർമ്മയിൽ നിൽക്കുന്നതാണ്.
അഭിനയിക്കാൻ പോകുന്നതിന് മുൻപേ വലിയ മുന്നൊരുക്കങ്ങളൊന്നും നടത്താത്ത ഒരാളാണ് ഞാൻ. സിനിമ റിലീസ് ചെയ്താൽ എന്റെ അഭിനയത്തിലെ നല്ല വശങ്ങളും അതുപോലെ മോശം വശങ്ങളുമെല്ലാം വീട്ടിലെല്ലാവരും ചൂണ്ടിക്കാണിക്കും.
ഞാൻ അഭിനയിക്കുന്ന സിനിമകളെല്ലാം അവരുടെ കൂടി ഇഷ്ടങ്ങളാണ്. എന്റെ തിരഞ്ഞെടുപ്പുകളൂടെ കൂടെ അവരെല്ലാവരും ഉണ്ട്. ഏത് സിനിമയിലായാലും ഞാൻ എറ്റവും നന്നായി അഭിനയിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം- അനശ്വര പറഞ്ഞു.