മാതൃദിനത്തിൽ സംവിധായകൻ സുജോയ് ഘോഷുമായി രസകരമായ വാക്കേറ്റത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നടി തപ്സി പന്നു. സുജോയി മാതൃദിനാശംസ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വിയോജിപ്പ് അറിയിച്ച് തപ്സി രംഗത്ത് എത്തിയത്.
സുജോയി സംവിധാനം ചെയ്ത കഹാനി, കഹാനി 2, ബദ്ല എന്നീ ചിത്രങ്ങളിൽ അമ്മമാരായി അഭിനയിച്ച വിദ്യാ ബാലൻ, അമൃത സിംഗ് എന്നിവരുടെ ചിത്രങ്ങളാണ് ട്വീറ്റിൽ പങ്കുവച്ചത്.
എന്നാൽ ഇക്കൂട്ടത്തിൽ തന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നതാണ് തപ്സിയെ പ്രകോപിപ്പിച്ചത്. ബദ്ലയിൽ അമ്മവേഷത്തിൽ താപ്സി അഭിനയിച്ചിരുന്നു.
’ദൈവവുമായി നിങ്ങളെ ഏറ്റവുമധികം അടുപ്പിക്കുന്നത് നിങ്ങളുടെ അമ്മയാണ്’, എന്ന് കുറിച്ചാണ് സുജോയ് ചിത്രം ട്വീറ്റ് ചെയ്തത്. നിമിഷനേരത്തിനുള്ളിൽ തന്നെ ഈ പോസ്റ്റിനോടു പ്രതികരിച്ചുള്ള തപ്സിയുടെ കമന്റ് എത്തി.
’ശ്രദ്ധിക്കൂ! എന്റെ ചിത്രം എവിടെ? ഞാനും താങ്കളുടെ ഒരു ചിത്രത്തിൽ ഒരു അമ്മയായി അഭിനയിച്ചിരുന്നുഎന്നാണു തപ്സി കുറിച്ചത്. ഫോട്ടോ തയാറായിക്കൊണ്ടിരിക്കുന്നു എന്ന് മറുപടിയാണ് സുജോയ് നൽകിയത്.
വളരെ ചീപ്പായിപ്പോയി എന്ന് ഞാൻ പറയും! ഒന്നാമത് ഞാൻ ഒരു അമ്മയായി അഭിനയിക്കാൻ സമ്മതിച്ചു എന്നിട്ടും നിങ്ങൾ എന്റെ ചിത്രം പോലും ഇടുന്നില്ല എന്നായിരുന്നു സംവിധായകന്റെ മറുപടിക്കു തപ്സിയുടെ പ്രതികരണം.