വിവാഹാഘോഷങ്ങള്‍ക്കായി മാറ്റി വച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി സഹായത്തിന്റെ നല്ല മാതൃകയായി നവദമ്പതികള്‍.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ ബോണി പി. ഫ്രാന്‍സിസും ഇടുക്കി മാങ്കുളം സ്വദേശിനി ചൈതന്യ ബെന്നിയും തമ്മിലുള്ള വിവാഹ നിശ്ചയമാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെ നടത്തിയത്.
പള്ളിക്കത്തോട്ടിലെ യുവ വ്യാപാരിയായ ബോണി, വിവാഹത്തിനുള്ള പണം വധുവിനൊപ്പമെത്തി എത്തി കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിനാണ് കൈമാറിയത്. ബോണിയുടെയും ചൈതന്യയുടെയും തീരുമാനത്തെ ഒരു നാടു മുഴുവന്‍ അഭിനന്ദനത്തോടെയാണ് സ്വീകരിച്ചത്.
പള്ളിക്കത്തോട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായ ബോണിയുടെ തീരുമാനം നടന് മമ്മൂട്ടിയുടെ ചെവിയിലുമെത്തി. അദ്ദേഹം ബോണിയെ അഭിനന്ദനം അറിയിച്ചു.