’വർഷം മുഴുവനും മണ്ണിനടിയിൽ കഴിഞ്ഞിട്ട് അവൾ അവനെ ചുമന്നുകൊണ്ട് ഭൂമിക്കു മുകളിലേക്ക് വരും, അപ്പോൾ രണ്ടായിരം മുതൽ നാലായിരം വരെ കുഞ്ഞുങ്ങളുടെ ജനനം ഉണ്ടാകും….’- മാവേലിതവള അഥവാ പാതാളതവളയെപ്പറ്റിയാണ് ഇങ്ങനെ ഒരു മുഖവുര.
ആയിരക്കണക്കിന് മുട്ടകൾ വിരിഞ്ഞ് അനേകായിരം കുഞ്ഞുങ്ങളുണ്ടാകുമ്പോഴും ഭൂമിയിൽ അപൂർവമായി മാത്രം കാണാൻ വിധിക്കപ്പെട്ട ജീവിയാണ് പാതാള തവള. കേരളത്തിന്റെ ഔദ്യോഗിക തവളയാക്കാൻ ഒരു വർഷം മുമ്പ് ശിപാർശ ചെയ്യപ്പെട്ട പാതാളതവളയെ കഴിഞ്ഞ ദിവസം എരുമേലിയിലെ തുമരംപാറയിൽ കണ്ടെത്തി.
നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പാതാളതവളയെ മുമ്പ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, പട്ടിക്കാട്, തൃശൂർ, തമിഴ്നാട്ടിലെ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു.
തുമരംപാറയിലെ വിവരമറിഞ്ഞ് പ്ലാച്ചേരിയിൽ നിന്ന് വനപാലകരെത്തി തവളയെ പിടികൂടി വനത്തിലേക്ക് തുറന്നുവിട്ടു. അതേസമയം തുമരംപാറയിൽ തവളകളിൽ ഒന്നിനെ മാത്രമാണ് കിട്ടിയത്. ഇണയെ കണ്ടെത്താനായില്ല.
വർഷത്തിലൊരിക്കൽ മാത്രം പുറത്തിറക്കുന്നതിനാലാണ് മാവേലി തവള എന്ന് പേര് വരാൻ കാരണം. പാതാളത്തവളയെപ്പറ്റി ഏറ്റവും അധികം ഗവേഷണം നടത്തിയ മലയാളി സന്ദീപ് ദാസ് ആണ് മാവേലി തവള എന്ന പേരിൽ സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന് വന്യജീവി ഉപദേശക ബോർഡിനോട് ആവശ്യപ്പെട്ടത്.
ആൺതവളയെ ചുമന്നുകൊണ്ട് വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും ഭൂമിയിലേക്ക് വരുമ്പോഴാണ് പെൺ തവള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക.
മണ്ണിനടിയിൽ ഒന്നരമീറ്റർവരെ ആഴത്തിലാണ് പാതാളത്തവളയുടെ 364 ദിവസത്തെയും വാസം. 1200 ലക്ഷം വർഷംമുൻപാണ് ഇവ ഉണ്ടായതെന്ന് കരുതപ്പെടുന്നു.
മേയ് പകുതി പിന്നിട്ട ശേഷമായിരിക്കും ഭൂമിക്ക് മുകളിലേക്കുള്ള യാത്രയ്ക്ക് തയാറെടുപ്പുകൾ തുടങ്ങുക. ഇത് ഇവർ പ്രജനനം നടത്തുന്ന കാലമാണ്. ഭൂമിക്ക് മുകളിൽ വന്ന് മുട്ടയിടും.
ഇതിന് പെൺതവളയ്ക്ക് ആൺതവളയുടെ സഹായവും വേണം. ഈ സമയത്ത് ഇണയെ ആകർഷിക്കാൻ ആൺതവളകൾ പ്രത്യേക ശബ്ദത്തിൽ കരച്ചിൽ തുടങ്ങും. കരച്ചിൽ കേട്ട് പെണ്ണ് എത്തും.
ആണിന് അഞ്ച് സെന്റിമീറ്ററും പെണ്ണിന് പത്ത് സെന്റിമീറ്ററും നീളമുണ്ടാകും. പിന്നെ ആണിനെ ചുമന്ന് തുരങ്കത്തിലൂടെ മുകളിലേക്ക്. പെണ്ണിന്റെ ഉള്ളിൽ രണ്ടായിരം മുതൽ നാലായിരംവരെ മുട്ടകളുണ്ടാകും.
രാത്രി മണ്ണിനുപുറത്തെത്തി ഒരിടം കണ്ടെത്തി ഈ മുട്ടകൾ പുറത്തുവിടും. മുട്ടകളിൽ ആൺതവള ബീജം വീഴ്ത്തുമ്പോഴാണ് പ്രജനനം നടക്കുക. മുട്ടകൾ ഏഴുദിവസംകൊണ്ട് വിരിയും.
110 ദിവസംകൊണ്ട് വാൽമാക്രി പൂർണവളർച്ചയെത്തും. അന്നുതന്നെ അത് മണ്ണിനടിയിലേക്കുപോകും. പിന്നീട് ഒരുകൊല്ലം കഴിഞ്ഞ് വംശം നിലനിർത്താൻ ഇണയുമായി പുറത്തുവരും.
ഇവ പുറത്തുവരുന്ന ദിവസം മഴ പെയ്യുന്നു എന്നത് ഗവേഷകർക്ക് ഇപ്പോഴും വിസ്മയമാണ്. മഴക്കാലത്തെ കുത്തിയൊലിച്ചൊഴുകുകയും വേനലിൽ വറ്റിപ്പോകുകയും ചെയ്യുന്ന പശ്ചിമഘട്ടത്തിലെ നീർച്ചാലുകളിലാണ് ഇവയുടെ പ്രജനനം.
വർഷം മുഴുവനും ഭൂമിക്കടിയിൽ ജീവിക്കുന്ന ഇവ ആദ്യത്തെ മഴ പെയ്യുന്നതോടെ മുകളിലേക്ക് വരുന്നു. നീർച്ചാലുകളിലെ ചെറിയ പാറക്കെട്ടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന പൊത്തുകളിലുമാണ് ഇവ മുട്ടയിടുന്നത്. ഏഴു ദിവസത്തിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് വാൽമാക്രികൾ ആയി പുറത്തുവരുന്നു.
ശക്തമായ ഒഴുക്കിലും പാറകളിൽ പറ്റിപ്പിടിച്ചിരിക്കുവാൻ ഇവയ്ക്ക് കഴിവുണ്ട്. മൂന്നര മീറ്റർ ആഴത്തിൽ വരെ ഇവ ഭൂമിക്കുള്ളിലേക്കു തുരന്നുപോകാറുണ്ട്. ചിതലുകളാണ് പ്രധാന ഭക്ഷണം.
കൂടുതലായുള്ള മണ്ണ് ഖനനവും കാലാവസ്ഥാവ്യതിയാനങ്ങളും ഇവയുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്. അപൂർവസ്വഭാവസവിശേഷതകളുമുള്ള ഇവയെ ഐയുസിഎൻ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.