കടുത്തുരുത്തി: ലോക്ഡൗണ്‍ കാലത്ത് കുടുംബം പുലർത്താൻ ടാറിംഗ് ജോലിക്കുപോയ തൊഴിലാളികളുടെ ദാരുണാന്ത്യം അനാഥമാക്കിയത് രണ്ട് നിർധന കുടുംബങ്ങളെ. സുഹൃത്തുക്കളായ ഇരുവരുടെയും മരണം അടുത്തസ്ഥലങ്ങളായ ആയാംകുടി, വെള്ളാശേരി പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തി.
കടുത്തുരുത്തി ഇരവിമംഗലം കല്ലിരിക്കുംകാലായിൽ കെ.സി. ബാബു (56), വെള്ളാശേരി കരീത്തറ സുന്ദരേശ് മണി (38) എന്നിവരാണ് ഇന്നലെ രാവിലെ ഏഴോടെ തലയോലപ്പറന്പ്-കാഞ്ഞിരമറ്റം റോഡിൽ അരയങ്കാവ് ചാലക്കപ്പാറ വളവിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വെള്ളാശേരി സ്വദേശിയായ യുവാവ് ബുധനാഴ്ച്ച അപകടത്തിൽപെട്ട് മരിച്ചതിനു പിന്നാലെ ഉണ്ടായ അപകടം പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളാശേരി മണ്ഡപത്തിൽ ശശിയുടെ മകൻ ചന്ദ്രദാസ് (23) മുട്ടുചിറ പട്ടാളമുക്കിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. നിർധന കുടുംബമായിരുന്നു ബാബുവിന്റെയും സുന്ദരേശിന്റതും.
കൂലിപണിയെടുത്ത് കുടുംബം പുലർത്തുന്പോഴും മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ ബാബുവിനു കഴിഞ്ഞു. നല്ലൊരു വീട് നിർമിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് ബാബുവിന്റെ മടക്കും.
ഭർത്താവിന്റെ വിയോഗം ഉൾക്കൊള്ളാൻ സീബയ്ക്കു കഴിഞ്ഞിട്ടില്ല. സുന്ദരേശന്റെ മരണത്തോടെ സീബയും ഏകമകൾ സ്നേഹയും തനിച്ചായി.