തലയോലപ്പറന്പ്: കോവിഡ് ഡ്യൂട്ടിക്കായി മലയാളി നഴ്സുമാരുടെ സംഘം സൗദിയിലേക്ക്. സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത് നാട്ടിലെത്തിയ നഴ്സുമാരോടാണ് കോവിഡ് ഡ്യൂട്ടിക്കായി മടങ്ങിയെത്താൻ സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദിയിൽ ഗവണ്മെന്റ് നഴ്സായ ഇറുന്പയം കളപ്പുരപ്പറന്പിൽ ഷിജുവിന്റെ ഭാര്യ പ്രിംന ഷിജുവിന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇന്നലെ യാത്രയയപ്പ് നൽകി.
കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉടൻ ജോലിക്ക് ഹാജരാകണമെന്ന സൗദി അറേബ്യൻ ഗവണ്മെന്റിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഇന്നു സൗദി സർക്കാരിന്റെ പ്രത്യേക വിമാനത്തിൽ നെടുന്പാശേരിയിൽനിന്നും പ്രിംന യാത്രതിരിക്കുന്നത്.
വർഷങ്ങളായി സൗദിയിലെ അൽ റഫായയിലെ റഫായ ജനറൽ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്ന പ്രിംന കഴിഞ്ഞ മാർച്ച് 12നാണ് അവധിക്ക് നാട്ടിൽ എത്തിയത്.
തുടർന്ന് ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്റൈൻ കാലാവധിയും പൂർത്തീകരിച്ചിരുന്നു. ഒരു മാസം കൂടി ലീവ് ഉണ്ടായിരുന്നുവെങ്കിലും ഉടൻ ജോലിക്ക് ഹാജരാകണമെന്ന നിർദേശത്തെത്തുടർന്ന് സൗദി സർക്കാരിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന് സൗദിയിലേക്കു പോകുകയാണ്.
ഇന്നലെയാണ് ജോലിയിൽ പ്രവേശിക്കണമെന്ന സർക്കാരിന്റെ നിർദേശം ലഭിച്ചത്. ഇന്ത്യയിൽനിന്ന് 150 നഴ്സുമാരാണ് ഈ വിമാനത്തിൽ സൗദിയിലേക്കു തിരിക്കുന്നത്.