കൊച്ചി: ഐപിഎൽ ട്വന്റി-20യിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചപ്പോൾ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡിനെ ചീത്ത വിളിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.
അന്നത്തെ പരിശീലകനായിരുന്ന പാഡി അപ്ടണ് തന്റെ ആത്മകഥയായ ‘ബെയർ ഫൂട്ട് കോച്ചിൽ’ തന്നെയും ദ്രാവിഡിനേയും ശ്രീശാന്ത് പരസ്യമായി അപമാനിച്ചു എന്ന് എഴുതിയതിനോട് പ്രതികരിക്കുകയായിരുന്നു മലയാളിതാരം. ചെന്നൈക്കെതിരേ തന്നെ കളിപ്പിക്കാത്തതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ഡർബനിൽ നടന്ന ഒരു മത്സരത്തിൽ എം.എസ്. ധോണിയെ പുറത്താക്കിയിരുന്നു. അതിനുശേഷം ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ കളിക്കാൻ രാജസ്ഥാൻ ടീം മാനേജ്മെന്റ് അവസരം തന്നില്ല. അതിന് കൃത്യമായ കാരണം പറഞ്ഞില്ല. അത് ഞാൻ ചോദ്യം ചെയ്തിരുന്നു- ശ്രീശാന്ത് പറഞ്ഞു.
2023 ലോകകപ്പിൽ ഇന്ത്യക്കൊപ്പം കളിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. അതിനുശേഷം ക്രിക്കറ്റിൽനിന്നു റിട്ടയർ ചെയ്യുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.