സുഹൃത്തിന്റെ ഭാര്യ പ്രണയം തിരസ്കരിച്ചതിനെത്തുടര്‍ന്ന് വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്. ഡല്‍ഹി നരേലയിലെ സ്വര്‍ണജയന്തി വിഹാറിലാണ് സംഭവം.
കൊറോണക്കാലത്ത്, ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പോലും ലംഘിച്ചാണ് കോട്ല മുകാര്‍പുര്‍ സ്വദേശിയായ വിക്കി എന്ന യുവാവ് യുവതിയുടെ വീട്ടിലെത്തിയത്.
എന്നാല്‍ ഇയാളെ കാണാനോ സംസാരിക്കാനോ യുവതി തയ്യാറാതിരുന്നതോടെ 27കാരനായ യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ഇയാള്‍ നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ജയിലില്‍ കഴിയുന്ന സുഹൃത്തിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു വിക്കി.
സുഹൃത്തിന്റെ അഭാവത്തില്‍ വീട്ടുകാര്‍ക്ക് ഇയാള്‍ എല്ലാ സഹായങ്ങളും ചെയ്തു നല്കി.
വീട്ടിലേക്കുള്ള നിരന്തര സന്ദര്‍ശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു. എന്നാല്‍ പ്രണയം വെളിപ്പെടുത്താന്‍ അവസരം കിട്ടിയില്ല.
കാര്യങ്ങള്‍ ഇങ്ങനെ നീങ്ങവെയാണ് ഡല്‍ഹിയില്‍ കോവിഡ് വ്യാപിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയെ കാണാന്‍ വീട്ടില്‍ പോകാനും പറ്റാത്ത സ്ഥിതിയായി.
ദിവസങ്ങള്‍ ആഴ്ച്ചകള്‍ക്ക് വഴിമാറിയതോടെയാണ് യുവാവ് രണ്ടും കല്പിച്ച് യുവതിയെ കാണാന്‍ ചാടിപ്പുറപ്പെട്ടത്.
യുവതിയെ കാണാതിരിക്കാന്‍ കഴിയാതെ ആയതോടെ കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും സുഹൃത്തിന്റെ വീട്ടിലെത്തി.
ഇതിനായി ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു 40 കിലോമീറ്ററാണ് വിക്കി സഞ്ചരിച്ചത്. മദ്യപിച്ചു ലക്കുകെട്ട നിലയില്‍ വീട്ടിലെത്തിയ വിക്കിയെ കാണാന്‍ യുവതിയും വീട്ടുകാരും വിസമ്മതിച്ചു.
തുടര്‍ന്ന് വിക്കി വീടിന് പുറത്തു നിന്ന് ദീര്‍ഘ നേരം ബഹളം വച്ചതായി അയല്‍ക്കാര്‍ പറയുന്നു. എന്നിട്ടും യുവതിയോ വീട്ടുകാരോ വാതില്‍ തുറക്കാതായതോടെ ഇയാള്‍ കൈവശം കരുതിയിരുന്ന തോക്കെടുത്ത് സ്വയം വെടിവെയ്ക്കുകയായിരുന്നു.
ചുമലില്‍ വെടിയേറ്റ വിക്കിയെ ഉടന്‍ തന്നെ സമീപത്തെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് വിക്കി സ്വയം വെടി വെച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.