വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക 161 ഇന്ത്യക്കാരെ നാടുകടത്തുന്നു. രാജ്യത്തേയ്ക്ക് അനധികൃമായി കടന്നതിന് അറസ്റ്റിലായവരെയാണ് നാടുകടത്തുന്നത്. പ്രത്യേക വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിലേക്കാണ് ഇവരെ തിരിച്ചയയ്ക്കുന്നത്. അമേരിക്കയിലെ വിവിധ ജയിലുകളിൽ കഴിയുന്നവരാണ് ഇവർ.
തിരിച്ചുവരുന്നവരിൽ ഏറ്റവുമധികം പേർ ഹരിയാനയിൽ നിന്നുള്ളവരാണ്, 76 പേർ. പഞ്ചാബിൽ നിന്ന് 56 പേരുണ്ട്. ഗുജറാത്തിൽ നിന്ന് 12, ഉത്തർപ്രദേശിൽ നിന്ന് അഞ്ച്, മഹാരാഷ്ട്രയിൽനിന്നു നാല് പേരും കേരളം, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു രണ്ടു വീതവും ആന്ധ്രപ്രദേശിൽനിന്നും ഗോവയിൽ നിന്നും ഓരോരുത്തരുമാണ് തിരിച്ചെത്തുന്നത്.
യുഎസിന്റെ തെക്കൻ അതിർത്തിയായ മെക്സിക്കോ വഴി അനധികൃതമായി കയറാൻ ശ്രമിച്ച ഇവരെ എമിഗ്രഷേൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ആണ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമനടപടികളും പൂർത്തിയായതിനെ തുടർന്നാണ് ഇവരെ സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്.