വെഞ്ഞാറമൂട്: കിണറ്റിൽ വീണ് മരിച്ച വയോധികയുടെ മൃതദേഹം കരയ്ക്ക് എടുക്കുന്നതിനിടെ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ഫയർമാന് പരിക്കേറ്റു.
കിണറ്റിൽ വീണ് മരിച്ച വെമ്പായം കൊപ്പം മടത്തിൽ വിള വീട്ടിൽ അമ്മുവിന്റെ (80 ) മൃതദേഹം എടുക്കുന്നതിനിടെയാണ് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എം.ആർ. അരുൺ മോഹനന് പരിക്കേറ്റത്.
ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. വയോധിക കിണറ്റിൽ വീണ് എന്ന സന്ദേശത്തെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘത്തിലെ അരുൺ മോഹൻ കിണറ്റിൽ ഇറങ്ങി വയോധികയെ വലയിൽ പുറത്തേക്ക് എടുക്കുമ്പോൾ കിണറിന്റെ സംരക്ഷണഭിത്തി ഇരുഭാഗം പിളർന്ന് കിണറ്റിലേക്ക് പതിക്കുകയുമായിരുന്നു.
തുടർന്ന് മറ്റംഗങ്ങൾ കിണറ്റിൽ ഇറങ്ങി അരുണിനെ കരയിൽ എത്തിച്ചു. ഷോൾഡറിനും കൈമുട്ടിനും, നടുവിനും സാരമായി പരിക്കേറ്റ അരുൺ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കിണറ്റിൽ വീണ് മരിച്ച വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.രാജേന്ദ്രൻ നായർ, ലിനു, അഹമ്മദ് ഷാഫി അബ്ബാസി, സന്തോഷ്, ശിവകുമാർ, റജികുമാർ, അരവിന്ദ് എസ്.കുമാർ, അരുൺ എസ്.കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.