തിരുവനന്തപുരം: ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണുകൾവഴി ഇരുപത്തിയാറ് ലക്ഷത്തി എഴുപത്തിയൊന്നായിരത്തി ഇരുന്നൂറ്റി എൺപത്തി ഒന്പത് ഭക്ഷണപ്പൊതികൾ ചെയ്തതായി മേയർ കെ.ശ്രീകുമാർ പറഞ്ഞു.
തുടക്കത്തിൽ തൈക്കാട് മോഡൽ എൽപി സ്കൂളിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചൺ ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ 25 ഹെൽത്ത് സർക്കിളുകളിലായി 25 കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചാണ് നഗരസഭ ഭക്ഷണവിതരണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും,ഭക്ഷണം ആവശ്യപ്പെട്ടവട്ടർക്കുമായും കൃത്യ സമയത്ത് വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിനായി രണ്ടായിരം വോളന്റിയർമാരാണ് ഭക്ഷണവിതരണം നടത്തിയിരുന്നത്. 814659 പ്രഭാതഭക്ഷണവും 828338 ഉച്ച ഭക്ഷണവും 828262 രാത്രി ഭക്ഷണവുമാണ് നഗരസഭ ഇതുവരെയായി വിതരണം ചെയ്തിട്ടുള്ളത്.
ഒരു ദിവസം 90000 ഭക്ഷണ പൊതികൾ വരെ വിതരണം ചെയ്ത ദിവസങ്ങളുണ്ടെന്നും സർക്കാരിന്റെ സൗജന്യ റേഷനും,പലവ്യഞ്ജന കിറ്റുകളുമൊക്കെ വീടുകളിൽ എത്തിയതിനെ തുടർന്ന് കമ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണം വളരെയേറെ കുറഞ്ഞതായി മേയർ പറഞ്ഞു.
ഇതേ തുടർന്ന് വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നഗരസഭ അവസാനിപ്പിച്ചതായും മേയർ പറഞ്ഞു. വീടുകളിൽ ഭക്ഷണമെത്തിക്കുന്നതിന്റെ അവസാന ദിനമായ ഇന്നലെ കിച്ചണുകളിൽ നിന്ന് ബിരിയാണിയും, ചിക്കനും ഉൾപ്പെടെയാണ് വിതരണം ചെയ്തത്.
നഗരസഭക്ക് കീഴിലുള്ള യാചകർ, അഥിതി തൊഴിലാളികൾ, എന്നിവരെ പാർപ്പിച്ചിട്ടുള്ള ക്യാമ്പുകളിലും,നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെയും നിരീക്ഷണത്തിനായി നഗരസഭ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ സെന്ററുകളിലേയും ഭക്ഷണ വിതരണത്തിനായി നാല് കമ്യൂണിറ്റി കിച്ചണുകൾ തുടർന്നും പ്രവർത്തിക്കും.
മഹമാരിക്കാലത്ത് വിശന്നിരിക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ഉത്പന്നങ്ങളായും,പണമായും നഗരസഭയെ സഹായിച്ച മത,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക സംഘടനകൾ,കൂട്ടായ്മകൾ,വ്യക്തികൾ, എന്നിവരോടും, രാപ്പകൽ ഭേദമില്ലാതെ ഈ പ്രവർത്തനത്തിനായി അധ്വാനിച്ച ജനപ്രതിനിധികൾ പാചക തൊഴിലാളികൾ,വോളന്റിയർമാർ,കാറ്ററിംഗ് യൂണിറ്റുകൾ,നഗരസഭാ ജീവനക്കാർ എന്നിവർക്ക് മേയർ നന്ദി അറിയിച്ചു.