
കോട്ടയം: യൂട്യൂബും വാട്സ് ആപ്പും ഫേസ് ബുക്കും വീഡിയോ കോളുമെല്ലാം പഠനോപകരണങ്ങളായതോടെ കുട്ടികളും രക്ഷിതാക്കളും മൊബൈൽ ഫോണ്‍ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്.
കോവിഡ് ഭീതി മൂലവും ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെയും സ്കൂളുകളിൽ റഗുലർ ക്ലാസ് തുടങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല. പകരം ജൂണ്‍ ഒന്നു മുതൽ ക്ലാസുകൾ ഓണ്‍ലൈനായി തുടങ്ങാനാണു വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതോടെയാണു കുട്ടികൾക്ക് നല്ല സ്മാർട്ട് ഫോണുകൾ വാങ്ങുവാനായി മാതാപിതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.
ലോക്ക്ഡൗണിനെ തുടർന്ന് സ്മാർട്ട് ഫോണുകളുടെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്. പുതിയ സ്റ്റോക്കുകൾ ഉടനെയെങ്ങും എത്തില്ലെന്നാണു കടയുടമകൾ പറയുന്നത്. ജില്ലയിൽ 5,000 അധ്യാപകരെ ഓണ്‍ലൈനിൽ ക്ലാസെടുക്കാൻ സജ്ജരാക്കാനുള്ള പ്രവർത്തനമാണു നടക്കുന്നത്.
ഒരേസമയം നിരവധി വിദ്യാർഥികളുമായി സംവദിക്കുന്ന രീതിയിലാകും ക്ലാസ്. ലൈവായി സംശയങ്ങൾ ചോദിക്കാം. സന്ദേശങ്ങൾ അയയ്ക്കാം. അങ്ങനെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനാണു തീരുമാനം.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ അധ്യാപകരും രക്ഷാകർത്താക്കളുമടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചു തുടങ്ങിയിട്ടുണ്ട്. പഠനസംബന്ധിയായ കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യും. ഓണ്‍ലൈൻ ക്ലാസ് സബന്ധിച്ച് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകേണ്ടതുണ്ട്.
ക്ലാസിന്റെ നടത്തിപ്പ് സംബന്ധിച്ച് അന്തിമരൂപം ആയിട്ടില്ല. എസ്എസ്എയുടെ റിസോഴ്സ് പേഴ്സണ്സിനാകും പ്രധാന ചുമതല. ഐടി അറ്റ് സ്കൂൾ, വിക്ടേഴ്സ് ചാനൽ എന്നിവയും ഉപയോഗപ്പെടുത്തും. പാഠഭാഗം ഓണ്‍ലൈനായി ലഭ്യമായതിനാൽ ആവശ്യമുള്ളപ്പോൾ വീണ്ടും കാണാം. ബിആർസികളിലും സ്കൂളുകളിലും അധ്യാപകർ മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്.
ഡയറ്റിന്റെ വക പരിശീലനവുമുണ്ട്. ഹൈസ്കൂൾ തൊട്ട് മുകളിലേക്കുള്ള കുട്ടികൾക്ക് സ്മാർട്ട് ഫോണുമായി പരിചയമുള്ളതിനാൽ ഓണ്‍ലൈനിൽ ക്ലാസ് നൽകാൻ ബുദ്ധിമുട്ടില്ല. എൽപി കുട്ടികളുടെ കാര്യത്തിൽ ഇതല്ല സ്ഥിതി. അതിനാണ് പ്രധാനമായും രക്ഷിതാക്കളുടെ സഹായം വേണ്ടത്.
റഗുലർ ക്ലാസുകൾ ആരംഭിച്ചാൽ കുട്ടികൾ കൂട്ടമായി ക്ലാസിലെത്തുന്നത് കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണ് ഓണ്‍ലൈൻ ക്ലാസുകളെക്കുറിച്ച് ആലോചിച്ചത്.
സ്മാർട്ട് ഫോണ്‍ ഇല്ലാത്തവരുടെ പഠനം ഏതുരീതിയിൽ നടത്തുമെന്ന ആശങ്കയുണ്ട്. ഇവർക്ക് പ്രാദേശികമായി പഠനകേന്ദ്രങ്ങൾ ഒരുക്കാനാണ് ആലോചന. നാട്ടിലെ ലൈബ്രറിയോ ഇതിനായി ഉപയോഗിക്കും. നാലോ അഞ്ചോ വിദ്യാർഥികൾക്ക് ഇവിടെ കംപ്യൂട്ടർ വഴി പഠനം നടത്താം.