വൈക്കം/കടുത്തുരുത്തി: ശക്തമായ കാറ്റും മഴയും വൈക്കത്തും സമീപപ്രദേശത്തും വ്യാപകനാശം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വലിയ കവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന രൂപം കാറ്റിൽ താഴെ വീണു.
ക്ഷേത്രത്തിന്റെ ഉൗട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തൽ, കമ്മിറ്റി ഓഫീസ് എന്നിവയുടെ മേൽക്കൂരയിലെ ഓടുകൾ വ്യാപകമായി പറന്നു പോയി. സമീപത്തെ സ്കൂളുകൾക്കും നാശം സംഭവിച്ചു.
മരം വീണ് 50ൽ അധികം വീടുകളും നൂറോളം വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈക്കം ടൗണ്‍, ചെമ്മനാകരി, ഇത്തിപ്പുഴ, ടിവിപുരം, കൊതവറ എന്നിവിടങ്ങളിലാണു നാശം ഏറെയും സംഭവിച്ചത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ കാറ്റും മഴയും മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്നു രാവിലെയും മഴ തുടരുകയാണ്.
വൈക്കത്തും സമീപപ്രദേശത്തുമായി നൂറിൽ അധികം മരങ്ങളാണു കടപുഴകി വീണത്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണ് വൈക്കത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. മരം മുറിച്ചു നീക്കാൻ അഗ്നി രക്ഷാ സേന ഏറെ പാടുപെട്ടു.
വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ വൈക്കം ഇരുട്ടിലായി. തകരാറിലായ വൈദ്യുതി ബന്ധം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കും. നിരവധി കൃഷികളും നശിച്ചിട്ടുണ്ട്.