ജനീവ: കോവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍. ഇന്ത്യ അടക്കം 62 രാജ്യങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വിഷയത്തിന്റെ കരട് പ്രമേയം മുന്നോട്ടുവെക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്.
‘കോവിഡ് സമയത്തു ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച രാജ്യാന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും അവലോകനം ചെയ്യുന്നതിന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്നു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തല്‍ ആവശ്യമാണ്.’ പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു.
പ്രമേയത്തില്‍ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമര്‍ശമില്ല. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ജപ്പാന്, യുകെ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്റെ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങള്‍.