ഭാര്യ പ്രസവിച്ചെന്നറിഞ്ഞതോടെ ഭാര്യയെയും കുഞ്ഞിനെയും കാണാനുള്ള കൊതിമൂലം കേരളത്തിലേക്ക് സാഹസിക യാത്ര നടത്തി യുവാവ്.
ലോറിക്കടിയിലെ സ്റ്റെപ്പിനിയില്‍ ചുരുണ്ടുകൂടി കേരളത്തിലേക്കു കടക്കാന്‍ ശ്രമിച്ച തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി എസ്. ഹരീഷ്(33) ആര്യങ്കാവില്‍ പൊലീസ് പിടിയിലായി.
ലോറി ഡ്രൈവര്‍ പോലും അറിയാതെയാണ് ഇയാള്‍ ലോറിയുടെ അടിയില്‍ കടന്ന് കൂടിയത്.
ചെങ്കോട്ടയില്‍ നിന്നാണ് ഡ്രൈവര്‍ അറിയാതെയുള്ള സ്റ്റെപ്പിനി യാത്ര തുടങ്ങിയതെന്നാണ് ഹരീഷ് പൊലീസിനോട് പറഞ്ഞത്. കൊല്ലം പരവൂരിലേക്കായിരുന്നു യാത്ര.
ആര്യങ്കാവ് ചെക്പോസ്റ്റ് കടക്കുന്നതിനിടെ സ്റ്റെപ്പിനിയില്‍ നിന്നു രണ്ട് കാല് പുറത്തേക്ക് നില്ക്കുന്നതു ജോലിയിലുണ്ടായിരുന്ന കെഎപിയിലെ പൊലീസ് അജിത് മൈനാഗപ്പള്ളി കണ്ടു.
ഉടന്‍തന്നെ ഇതുവഴി വന്ന ബൈക്കില്‍ അജിതും ജീപ്പില്‍ എസ്ഐ ഷിബുവും മറ്റു പൊലീസുകാരും ലോറിയെ പിന്തുടര്ന്നെത്തി പിടികൂടുകയായിരുന്നു.
ഇവിടെ നിന്നു വീഴാനുള്ള സാധ്യതയും ഏറെയായിരുന്നു. ഹരീഷിനെ പുനലൂരിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റി.
ഇത്തരത്തില്‍ പല ആളുകളും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതു മൂലം പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.