തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം ചൊവ്വാഴ്ച മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. അത്യാവശ്യകാര്യങ്ങൾക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും പോലീസ് പാസ് വാങ്ങേണ്ടതാണ്.
അവശ്യസർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്രചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മാത്രം മതിയാകും. ഹോട്ടലിലും മറ്റുംനിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്സലായി വാങ്ങാൻ അനുവാദം നൽകിയതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സിന് രൂപം നൽകും.
ഗ്രാമീണമേഖലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പോലീസിന്റെ മാസ്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും ബെഹ്റ അറിയിച്ചു.